| Wednesday, 20th March 2024, 10:20 pm

വിവാദങ്ങൾക്ക് വിട! പുതിയ ക്യാപ്റ്റനും പഴയ ക്യാപ്റ്റനും ഒന്നിച്ചു; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ആവേശകരമായ ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ആദ്യം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ ഏറ്റുമുട്ടും.

മുംബൈ ഇന്ത്യന്‍സ് പുതിയ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ആറാം ഐ.പി.എല്‍ കിരീടം ലക്ഷ്യം വെച്ചാണ് കളത്തിലിറങ്ങുന്നത്.

ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലനത്തിനിടയിലുള്ള ഒരു പ്രത്യേക സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകന്‍ ഹര്‍ദിക് പാണ്ഡ്യ രോഹിത് ശര്‍മയെ ആലിംഗനം ചെയ്യുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

രോഹിത് ശര്‍മയെ മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും അപ്രതീക്ഷിതമായി നീക്കം ചെയ്ത തീരുമാനത്തിനെതിരെ ആരാധകരില്‍ നിന്നും ധാരാളം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഒരു വീഡിയോ പുറത്തുവന്നത് ഏറെ ശ്രദ്ധേയമായി.

2013ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. രോഹിത്തിന്റെ കീഴില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മുംബൈ മാനേജ്മെന്റ് ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി നിയമിക്കുന്നത്.

ഹര്‍ദിക് 2015 മുതല്‍ 2021 വരെ മുംബൈയില്‍ കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീട നേട്ടത്തിൽ പങ്കാളിയാവാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചിരുന്നു.

എന്നാല്‍ താരം ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുകയും ആദ്യ സീസണില്‍ തന്നെ ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കാനും രണ്ടാം സീസണില്‍ ഗുജറാത്തിനെ ഫൈനലില്‍ എത്തിക്കാനും ഹര്‍ദിക്കിന് സാധിച്ചിരുന്നു. ഇതേ മിന്നും പ്രകടനം പുതിയ സീസണിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം മാര്‍ച്ച് 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദി.

Content Highlight: Mumbai indians practice video  viral on social media

We use cookies to give you the best possible experience. Learn more