വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ രണ്ടാം വിജയവുമായി പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക് കുതിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ ദിവസം സ്മൃതി മന്ദാനയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നേടിയ ഒമ്പത് വിക്കറ്റിന്റെ വിജയത്തിന് പിന്നാലെയാണ് മുംബൈ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്‌സിനെ വിന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹെയ്‌ലി മാത്യൂസും സയ്ക ഇഷാഖും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു.
നാല് ഓവര്‍ പന്തെറിഞ്ഞ് 28 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹെയ്‌ലിയും നാല് ഓവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ സെയ്കയും ബെംഗളൂരുവിന് മേല്‍ പടര്‍ന്നുകയറുകയായിരുന്നു.
റോയല്‍ ചലഞ്ചേഴ്‌സിനെ 155 റണ്‍സിന് ഒന്നൊഴിയാതെ എറിഞ്ഞൊതുക്കിയ മുംബൈ ഒമ്പത് വിക്കറ്റും 34 പന്തും ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
ബൗളിങ്ങിലേതെന്ന പോലെ ബാറ്റിങ്ങിലും തന്റെ വിരുതുകാട്ടിയ ഹെയ്‌ലിയാണ് വീണ്ടും റോയല്‍ ചലഞ്ചേഴ്‌സിന് തലവേദനയായത്. 38 പന്തില്‍ നിന്നും 13 ഫോറും ഒരു സിക്‌സറുമടക്കം, പുറത്താവാതെ 77 റണ്‍സാണ് താരം നേടിയത്. വണ്‍ ഡൗണായെത്തിയ നാറ്റ് സ്‌കിവര്‍ ബ്രണ്ടും അര്‍ധ സെഞ്ച്വറി തികച്ചതോടെ ഹര്‍മനും സംഘവും വിജയക്കുതിപ്പ് തുടര്‍ന്നു.
ഈ വിജയത്തിന് പിന്നാലെ ഏറ്റവുമധികം റണ്‍ നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പും ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പും മുംബൈ ഇന്ത്യന്‍സിന്റെ പാളയത്തിലേക്കെത്തിയിരിക്കുകയാണ്.
ഹെയ്‌ലി മാത്യൂസ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയപ്പോള്‍ സയ്ക പര്‍പ്പിള്‍ ക്യാപ്പിനും ഉടമയായി. ഒരേ ടീമിലേക്ക് തന്നെ ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പുമെത്തിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലര്‍ – യൂസ്വേന്ദ്ര ചഹല്‍ ഡുവോയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ഹെയ്‌ലി – സയ്ക കോംബോയുടെയും പ്രകടനം.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന് വേണ്ടി 863 റണ്‍സ് അടിച്ചെടുത്താണ് ബട്‌ലര്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 27 വിക്കറ്റുകളോടെയാണ് കടുത്ത മത്സരം കാഴ്ചവെച്ച ഹസരങ്കയെ പുറകിലാക്കി ചഹല്‍ പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കിയത്.
ഡബ്ല്യൂ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ തകര്‍ത്തുകൊണ്ടായിരുന്നു മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. മത്സരത്തില്‍ 31 പന്തില്‍ നിന്നും 47 റണ്‍സ് നേടിയാണ് ഹെയ്‌ലി മാത്യൂസ് സ്‌കോറിങ്ങിന് നിര്‍ണായകമായത്.
3.1 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സയ്ക ഇഷാഖ് ജയന്റ്‌സിന്റെ പതനം വേഗത്തിലാക്കി.
നിലവില്‍ രണ്ട് മത്സരത്തില്‍ നിന്നും 124 റണ്‍സോടെയാണ് ഹെയ്‌ലി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 179.1 സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചത്. പട്ടികയില്‍ രണ്ടാം സ്ഥാനം ഷെഫാലി വര്‍മക്കാണ്. ആദ്യ മത്സരത്തില്‍ നേടിയ 84 റണ്‍സാണ് ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്റെ സമ്പാദ്യം.
രണ്ട് മത്സരത്തില്‍ നിന്നും ആറ് വിക്കറ്റാണ് സയ്ക ഇഷാഖിന്റെ പേരിലുള്ളത്. 6.16 ആവറേജിലും 5.16 എക്കോണമിയിലുമാണ് താരം പന്തെറിയുന്നത്. ആര്‍.സി.ബിക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്പിറ്റല്‍സിന്റെ ടാര നോറിസിനെ മറികടന്നുകൊണ്ടാണ് സയ്ക ഒന്നാം സ്ഥാനത്തെത്തിയത്.
ഡബ്ല്യൂ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. മികച്ച ഫോമിലുള്ള ഷെഫാലിയും ടാരയും ആദ്യ മത്സരത്തിലേതിന് സമാനമായ പ്രകടനം പുറത്തെടുത്താല്‍ ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും ഒന്നിച്ച് ദല്‍ഹിയിലേക്കെത്തും.
Content Highlight: Mumbai Indians players won the orange cap and purple cap