തനിക്ക് ബുംറയെ നെറ്റ്‌സില്‍ നേരിടണമെന്ന് മുംബൈ ഇന്ത്യന്‍സിന്റെ യുവ ബാറ്റിംഗ് ഓള്‍റൗണ്ടര്‍ ടിം ഡേവിഡ്. കഴിഞ്ഞെ ഐ.പി.എല്‍ മെഗാലേലത്തില്‍ 8.25 കോടി രൂപയ്ക്കായിരുന്നു സിംഗപ്പൂര്‍ ഓള്‍റൗണ്ടറായ ടിമ്മിനെ മുംബൈ ടീമിലെത്തിച്ചത്. ഇത്രയും വലിയ തുകയ്ക്ക് ടിമ്മിനെ വാങ്ങിയത് അന്ന് വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ തനിക്ക് മുംബൈയുടെ സ്റ്റാര്‍ പേസറായ ബുംറയെ നെറ്റ്‌സില്‍ നേരിടണമെന്ന് പറയുകയാണ് ടിം.
നെറ്റ്സില്‍ ബുംറയെ നേരിടുന്നത് എളുപ്പമാകില്ലെന്നും മുംബൈ ഇന്ത്യന്‍സിലെ കീറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ്മ തുടങ്ങിയവരുടെ ടീമില്‍ അംഗമാവുന്നതില്‍ അതീവ സന്തോഷവാനാണെന്നും ടിം പറയുന്നു.
‘ജസ്പ്രീത് ബുംറയെ നേരിടാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. കേള്‍ക്കുന്നവര്‍ക്ക് ഇത് വിചിത്രമായി തോന്നുമെന്ന് എനിക്കറിയാം. കാരണം അദ്ദേഹം ലോകത്തിലെ തന്നെ മികച്ച ബൗളറാണ്.
എന്റെ കഴിവുകള്‍ അദ്ദേഹത്തിനെതിരെ തന്നെ പുറത്തെടുത്ത് പരീക്ഷിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ഏറെ കഠിനമായിരിക്കുമെന്നെനിക്കറിയാം. പക്ഷേ എനിക്കത് ചെയ്യണം,’ ഡേവിഡ് ടിമ്മിനെ ഉദ്ധരിച്ച് മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ടീമിനൊപ്പം കളിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഫ്രാഞ്ചൈസിയെക്കുറിച്ച് നല്ല കാര്യങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. സമ്മര്‍ദം ഉണ്ടാകുമെന്ന് എനിക്കറിയാം, പക്ഷേ മൊത്തത്തില്‍ എനിക്ക് ഒരു ആവേശമുണ്ട്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്റെ ഫ്രാഞ്ചൈസി ലീഗായ പി.എസ്.എല്ലിലെ മികച്ച പ്രകടനമാണ് താരത്തിന് ഐ.പി.എല്ലിലേക്കുള്ള വഴി തുറന്നത്. വലം കയ്യന്‍ ബാറ്റിംഗ് ഓള്‍ റൗണ്ടറായ താരത്തിന്റെ പ്രകടനം പി.എസ്.എല്ലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2019ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ 14 അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിച്ച ടിം, 158.5 ശരാശരിയില്‍ നാല് അര്‍ധ സെഞ്ച്വറിയടക്കം 558 റണ്‍സായിരുന്നു നേടിയത്.