| Sunday, 8th May 2022, 11:28 am

സഞ്ജുവും പിളേളരും തോല്‍പിച്ചത് പഞ്ചാബിനെ, പണികിട്ടിയത് രോഹിത്തിന്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോല്‍പിച്ചത് മായങ്ക് അഗര്‍വാളിന്റെ പഞ്ചാബ് കിംഗ്‌സിനെയാണെങ്കിലും എട്ടിന്റെ പണി കിട്ടിയത് രോഹിത് ശര്‍മയ്ക്കും മുംബൈ ഇന്ത്യന്‍സിനുമാണ്.

ഐ.പി.എല്‍ 2022ല്‍ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫില്‍ കയറാനുള്ള നേരിയ സാധ്യത പോലും ഇല്ലാതായിരിക്കുകയാണ്. ഇതോടെ ഈ സീസണില്‍ നിന്നും പുറത്താവുന്ന ടീം എന്ന ‘ഖ്യാതി’യും പേറിയാണ് മുംബൈ ഇന്ത്യന്‍സും നായകന്‍ രോഹിത് ശര്‍മയും ഐ.പി.എല്ലിനോട് വിട പറയുന്നത്.

രാജസ്ഥാന്‍ പഞ്ചാബിനെ തോല്‍പിച്ചതോടെയാണ് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ നിന്നും ഔദ്യോഗികമായി പുറത്തായത്.

ആദ്യ എട്ടുമത്സരങ്ങളിലും തോറ്റതാണ് മുംബൈയ്ക്ക് വിനയായത്. നിലവില്‍ കളിച്ച പത്ത് മത്സരത്തില്‍ രണ്ടില്‍ മാത്രമാണ് മുംബൈയ്ക്ക് ജയിക്കാന്‍ സാധിച്ചത്.

10 മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവുമായി നാല് പോയിന്റ് മാത്രമുള്ള മുംബൈ നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇനിയുള്ള നാല് മത്സരങ്ങള്‍ ജയിച്ചാലും മുംബൈക്ക് ലഭിക്കുക 12 പോയിന്റ് മാത്രമാണ്. ഇതോടെയാണ് മുംബൈക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.

ആദ്യത്തെ എട്ട് മത്സരത്തിലും ഒന്നൊഴിയാതെ പരാജയപ്പെട്ടതോടെ ഐ.പി.എല്ലില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമെന്ന നാണക്കേടിന്റെ റെക്കോഡും മുംബൈ സ്വന്തമാക്കിയിരുന്നു.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ വമ്പന്‍ ജയത്തിന് പിന്നാലെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. 11 മത്സരത്തില്‍ നിന്നും 7 ജയത്തോടെ 14 പോയിന്റ് നേടിയാണ് രാജസ്ഥാന്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയത്.

യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ ബാറ്റിംഗും ചഹലിന്റെ ബൗളിംഗ് തന്ത്രങ്ങളും ഹെറ്റ്‌മെയറിന്റെ ഫിനിഷിംഗുമാണ് രാജസ്ഥാന് അനായാസ ജയം നേടിക്കൊടുത്തത്.

Content highlight: Mumbai Indians is the First team to knocked out from IPL 2022

We use cookies to give you the best possible experience. Learn more