ലോകത്തിലെ ഏറ്റവും മികച്ച ടി-20 ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്: ബ്രയാന്‍ ലാറ
Ipl 2020
ലോകത്തിലെ ഏറ്റവും മികച്ച ടി-20 ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്: ബ്രയാന്‍ ലാറ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th November 2020, 5:21 pm

ജമൈക്ക: ലോകത്തിലെ ഏറ്റവും മികച്ച ടി-20 ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. മുംബൈയെ പോല കളിക്കുന്ന ഒരു ടീമും ലോകത്ത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

‘അവിശ്വസനീയമായ ടീമാണ് അവര്‍. മുംബൈയെ പോലെ ക്രിക്കറ്റ് കളിക്കുന്ന മറ്റൊരു ഫ്രാഞ്ചൈസി ലോകത്തിലില്ല’, ലാറ പറഞ്ഞു.

മുംബൈ ടീമിന്റെ അടിത്തറ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദൃഢമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിരതയാണ് മുംബൈയുടെ മേന്മയെന്നും ലാറ പറഞ്ഞു.

മുംബൈ ടീമിന്റെ ഘടന തന്നെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു സ്റ്റോറിലൈന്‍ പോലെയാണ് അവരുടെ ടീം. എല്ലാ സീനിലും മികച്ച കഥാപാത്രങ്ങളുണ്ട്. മുന്‍നിര തകര്‍ന്നാല്‍ അവര്‍ക്ക് സൂര്യകുമാര്‍ യാദവും ഇഷന്‍ കിഷനുമുണ്ട്. പിന്നാലെ വരാന്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും. മികച്ച പേസ് ബൗളര്‍മാരുടെ നിരയും’, ലാറ പറഞ്ഞു.

ചൊവ്വാഴ്ച നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്.

ഇത് അഞ്ചാം തവണയാണ് മുംബൈ ഐ.പി.എല്‍ ചാമ്പ്യന്‍മാരാകുന്നത്. 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ ജേതാക്കളായ മുംബൈ, 2010-ല്‍ റണ്ണറപ്പാവുകയും ചെയ്തിരുന്നു.

157 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് അനായാസ ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 156 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ തകര്‍ന്ന ഡല്‍ഹിയെ ശ്രേയസ് അയ്യര്‍-റിഷഭ് പന്ത് കൂട്ടുകെട്ടാണ് രക്ഷിച്ചത്. 50 പന്തുകളില്‍ നിന്നും 65 റണ്‍സെടുത്ത ശ്രേയസ് പുറത്താവാതെ നിന്നു. റിഷഭ് പന്ത് 56 റണ്‍സെടുത്ത് പുറത്തായി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹിയ്ക്ക് ആദ്യ പന്തില്‍ തന്നെ സ്റ്റോയിനിസിനെ നഷ്ടമായി. ട്രെന്റ് ബോള്‍ട്ടിനായിരുന്നു വിക്കറ്റ്. ഒരു ഐ.പി.എല്‍ ഫൈനലില്‍ ഇതാദ്യമായാണ് ഒരു ബാറ്റ്‌സ്മാന്‍ മത്സരത്തിലെ ആദ്യ ബോളില്‍ തന്നെ പുറത്താകുന്നത്.

മുംബൈയ്ക്ക് വേണ്ടി ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കോള്‍ട്ടര്‍ നൈല്‍ രണ്ട് വിക്കറ്റ് നേടി. ജയന്ത് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mumbai Indians  IPL Title Brian Lara