മാർച്ച് 31 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരത്തോടെയാണ് ഇത്തവണത്തെ ഐ. പി.എൽ പൂരം കൊടിയേറുന്നത്.
എന്നാൽ അഞ്ച് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട മുംബൈ ഇന്ത്യൻസ് ഇത്തവണ തങ്ങൾ വെറുതെ പോകാൻ വന്നതല്ല എന്ന ശക്തമായ മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിട്ടുണ്ട്.
ഈ സീസണിലെ ഐ.പി.എൽ ട്രോഫി മുംബൈ ഇന്ത്യൻസ് നേടിയിരിക്കുമെന്നും മൂന്നോ, നാലോ സ്ഥാനം നേടി മടങ്ങിപ്പോവാൻ ഇപ്രാവശ്യം തങ്ങളെക്കിട്ടില്ലെന്നും മുംബൈ കോച്ച് മാർക്ക് ബൗച്ചർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കൻ ലീഗിൽ മികച്ച റെക്കോർഡ് ഉള്ള ബൗച്ചർക്ക് സ്റ്റാർ പ്ലെയേഴ്സിനെയടക്കം കൃത്യമായി ഉപയോഗിക്കുന്നതിൽ ആഴത്തിലുള്ള അവഗാഹമാണുള്ളത്.
ഐ.പി.എൽ മത്സരങ്ങൾക്ക് മുമ്പ് നടത്തിയ പത്രസമ്മേളനത്തിലാണ് മുംബൈ ഇന്ത്യൻസിനെ ഇപ്രാവശ്യം കിരീടം ചൂടിക്കുമെന്ന് ബൗച്ചർ പറഞ്ഞത്.
“എനിക്ക് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കണം. പ്രീമിയർ ലീഗിലെ മൂന്നാമത്തെയോ നാലാമത്തെയോ സ്ഥാനം നേടാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്. എനിക്ക് ആ ടൈറ്റിലാണ് വേണ്ടത്. അതിന് വേണ്ടിയിട്ടുള്ള എല്ലാ പിന്തുണയും ടീം മാനേജ്മെന്റും പ്ലെയേഴ്സും എനിക്ക് നൽകുന്നുണ്ട്.
അതിനാൽ തന്നെ എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം,’ മാർക്ക് ബൗച്ചർ പറഞ്ഞു.
കൂടാതെ രോഹിത് ശർമക്ക് ഒരു കിരീടം കൂടി നേടാൻ താൻ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകൻ എന്ന നിലയിൽ രോഹിത്തിനെ സമ്മർദ്ദത്തിൽ നിന്നും ഒഴിച്ച് നിർത്താൻ ഞാൻ പരമാവധി ശ്രമിക്കും. അദ്ദേഹത്തിന് കിരീടം നേടിക്കൊടുക്കാൻ എന്നെക്കൊണ്ടാവുന്നതെല്ലാം ഞാൻ ചെയ്യും,’ മാർക്ക് ബൗച്ചർ പറഞ്ഞു.
അതേസമയം ഏപ്രിൽ രണ്ടിന് ആർ.സി.ബിക്കെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം.