ഐ.പി.എല്‍ 2023ലെ 54ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈയുടെ വിജയം. ആര്‍.സി.ബി ഉയര്‍ത്തിയ വിജയലക്ഷ്യം 21 പന്ത് ബാക്കി നില്‍ക്കെ മുംബൈ മറികടക്കുകയായിരുന്നു.
നേരത്തെ ടോസ് നേടിയ ബൗളിങ് തെരഞ്ഞെടുത്ത മുംബൈ ആദ്യ ഓവറില്‍ തന്നെ വിരാട് കോഹ്‌ലിയെ മടക്കിയിരുന്നു. നാല് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രം നേടിയാണ് വിരാട് പുറത്തായത്.
എന്നാല്‍ കെ.ജി.എഫില്‍ ബാക്കിയുണ്ടായിരുന്ന ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും ഗ്ലെന്‍ മാക്‌സ്‌വെല്ലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഫാഫ് ഡു പ്ലെസിസ് 41 പന്തില്‍ നിന്നും 65 റണ്‍സ് നേടിയപ്പോള്‍ മാക്സി 33 പന്തില്‍ നിന്നും 68 റണ്‍സ് നേടി.
ഏട്ട് ബൗണ്ടറിയും നാല് സിക്സറുമായാണ് മാക്‌സ്‌വെല്‍ 68 റണ്‍സ് നേടിയത്. മൂന്ന് സിക്സറും അഞ്ച് ബൗണ്ടറിയുമാണ് ഫാഫിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. ഒടുവില്‍ നിശ്ചിത ഓവറില്‍ 199 റണ്‍സാണ് ആര്‍.സി.ബി നേടിയത്.
200 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ മുംബൈ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടില്‍ വിജയം കാണുകയായിരുന്നു. 35 പന്തില്‍ നിന്നും 83 റണ്‍സാണ് സ്‌കൈ അടിച്ചുകൂട്ടിയത്.
ഏഴ് ബൗണ്ടറിയും ആറ് സിക്‌സറുമായിരുന്നു സൂര്യയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
സൂര്യകുമാറിന് പുറമെ ഓപ്പണര്‍ ഇഷാന്‍ കിഷനും യുവതാരം നേഹല്‍ വദേരയും തകര്‍ത്തടിച്ചു. 21 പന്തില്‍ നിന്നും ഇഷാന്‍ 42 റണ്‍സ് നേടിയപ്പോള്‍ 34 പന്തില്‍ നിന്നും പുറത്താകാതെ 52 റണ്‍സാണ് വദേര നേടിയത്.
കഴിഞ്ഞ രണ്ട് മത്സരത്തില്‍ ഡക്കിന് പുറത്തായ രോഹിത് ശര്‍മ ഈ മത്സരത്തിലും നിരാശപ്പെടുത്തി. എട്ട് പന്ത് നേരിട്ട് വെറും ഏഴ് റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്.
ബെംഗളൂരുവിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ വമ്പന്‍ കുതിച്ചുചാട്ടമാണ് മുംബൈ നടത്തിയത്. എട്ടാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്കുയര്‍ന്നാണ് മുംബൈ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയത്.
നിലവില്‍ 11 മത്സരത്തില്‍ നിന്നും ആറ് ജയവുമായി 12 പോയിന്റാണ് മുംബൈക്കുള്ളത്. വരും മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ രോഹിത് ശര്‍മയുടെ കീഴില്‍ മുംബൈക്ക് ആറാം കിരീടം നേടാനും മുംബൈ ഇന്ത്യന്‍സിന് സാധിച്ചേക്കും.
Content Highlight: Mumbai Indians defeated Royal Challengers Bengaluru