ബുംറക്ക് അഞ്ച്, മുംബൈക്ക് ഹാട്രിക്; ചരിത്രത്തില്‍ ഒരു ടീമിനുമില്ലാത്ത റെക്കോഡ് കൈപ്പിടിയിലാക്കി മുംബൈ
Cricket
ബുംറക്ക് അഞ്ച്, മുംബൈക്ക് ഹാട്രിക്; ചരിത്രത്തില്‍ ഒരു ടീമിനുമില്ലാത്ത റെക്കോഡ് കൈപ്പിടിയിലാക്കി മുംബൈ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th April 2024, 10:28 am

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനു വീണ്ടും തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റുകള്‍ക്കാണ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.3 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മുംബൈ ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബുംറ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

5.25 എക്കോണമിയില്‍ പന്തെറിഞ്ഞ ബുംറ ബെംഗളൂരു താരങ്ങളായ വിരാട് കോഹ്‌ലി, നായകന്‍ ഫാഫ് ഡുപ്ലെസിസ്, മഹിപാല്‍ ലോമോര്‍, സൗരവ് ചൗത്താന്‍, വൈശാഖ് വിജയ് കുമാര്‍ എന്നിവരെ പുറത്താക്കിയാണ് കരുത്ത് കാട്ടിയത്.

ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്ന് സീസണുകളിലും ഒരു മത്സത്തിൽ ഒരു താരം അഞ്ച് വിക്കറ്റുകള്‍ നേടുന്ന ആദ്യ ടീമായി മാറാനാണ് മുംബൈയ്ക്ക് സാധിച്ചത്.

2022ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബുംറ അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു. പത്ത് റണ്‍സ് വഴങ്ങിയായിരുന്നു താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. തൊട്ടടുത്ത സീസണില്‍ 2003ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ആകാശ് മധുവാല്‍ അഞ്ച് റണ്‍സ് വിട്ടു നല്‍കി അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ബുംറ നേടിയ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ചരിത്രനേട്ടത്തിലേക്കാണ് മുംബൈ ഇന്ത്യന്‍സ് നടന്നുകയറിയത്.

മുംബൈ ബാറ്റിങ് നിരയില്‍ ഇഷാന്‍ കിഷന്‍ 34 പന്തില്‍ 69 റണ്‍സ് നേടി മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. ഏഴ് ഫോറുകളും അഞ്ച് സിക്സുകളും ആണ് ഇഷാന്റെ ബാറ്റില്‍ നിന്നും പിറന്നത്. മിഡില്‍ ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഇന്നിങ്സും ഏറെ ശ്രദ്ധേയമായി. 19 പന്തില്‍ 52 റണ്‍സ് നേടിക്കൊണ്ടായിരുന്നു സൂര്യയുടെ തകര്‍പ്പന്‍ പ്രകടനം. 273.68 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം അഞ്ച് ഫോറുകളും നാല് സിക്സുകളുമാണ് അടിച്ചെടുത്തത്. രോഹിത് ശര്‍മ 24 പന്തില്‍ 38 റണ്‍സ് നേടിയും നിര്‍ണായകമായി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനായി നായകന്‍ ഫാഫ് ഡുപ്ലെസിസ് 40 പന്തില്‍ 61 റണ്‍സും ദിനേശ് കാര്‍ത്തിക് 23 പന്തില്‍ പുറത്താവതെ 53 റണ്‍സും രജത് പടിതാര്‍ 26 പന്തില്‍ 50 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Mumbai Indians create a new record in IPL