ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങിയതിന് പിന്നാലെ മുംബൈ നായകന്‍ രോഹിത് ശര്‍മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ഐ.പി.എല്‍ അധികൃതര്‍. കുറഞ്ഞ ഓവര്‍ നിരക്ക് കാരണം പിഴ ചുമത്തിയാണ് അധികൃതര്‍ രോഹിത്തിന് ശിക്ഷ വിധിച്ചത്.
12 ലക്ഷം രൂപയാണ് താരം പിഴയായി ഒടുക്കേണ്ടത്. അടുത്ത മത്സരത്തില്‍ വീണ്ടും നിശ്ചിത സമയത്തിനുള്ളല്‍ ഓവര്‍ എറിഞ്ഞ് തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ രോഹിത് 24 ലക്ഷം രൂപയും മറ്റ് താരങ്ങള്‍ 6 ലക്ഷം രൂപയും വീതം പിഴയൊടുക്കണം.
വീണ്ടും ഇതുതന്നെ ആവര്‍ത്തിച്ചാല്‍ രോഹിത്തിനെ ഒരു മത്സരത്തില്‍ നിന്നും വിലക്കാനും ഐപി.എല്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, തുടര്‍ച്ചയായ 10ാം സീസണിലും തോറ്റുകൊണ്ടുതന്നെയായിരുന്നു മുംബൈ തുടങ്ങിയത്. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് മുംബൈയെ ചുരുട്ടിക്കെട്ടിയത്.
മുംബൈ ഉയര്‍ത്തിയ 179 എന്ന വിജയലക്ഷ്യം അനായാസമായിരുന്നു ദല്‍ഹി മറികടന്നത്. 10 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റിനായിരുന്നു ക്യാപിറ്റല്‍സിന്റെ ജയം.
തോല്‍വിയിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന് തോന്നിച്ച ദല്‍ഹിയെ, ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ലളിത് യാദവും അക്‌സര്‍ പട്ടേലുമാണ് കൈപിടിച്ചുയര്‍ത്തിയത്. 30 പന്തില്‍ 75 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.
ലളിത് യാദവ് 38 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം പുറത്താകാതെ 48 റണ്‍സെടുത്തു. അക്സര്‍ പട്ടേല്‍ 17 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 38 റണ്‍സെടുത്തു.
പൃഥി ഷാ (38), ടിം സെയ്ഫേര്‍ട്ട് (21), ഷാര്‍ദുല്‍ താക്കൂര്‍ (22) എന്നിവരും ദല്‍ഹിക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
മുംബൈയ്ക്കായി മലയാളി പേസര്‍ ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങിയാണ് ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മുരുഗന്‍ അശ്വിന്‍ നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.
അതേസമയം, ജസ്പ്രീത് ബുംറയും ഡാനിയല്‍ സാമും താരതമ്യേന മികച്ച രീതിയില്‍ തന്നെ അടിവാങ്ങിക്കൂട്ടിയിരുന്നു. ജസ്പ്രിത് ബുംറ 3.2 ഓവറില്‍ 43 റണ്‍സും ഡാനിയേല്‍ സാം നാല് ഓവറില്‍ 57 റണ്‍സും വഴങ്ങിയതോടെയാണ് കാര്യങ്ങള്‍ മുംബൈയുടെ കൈവിട്ടുപോയത്.
Content Highlight: Mumbai Indians Captain Rohit Sharma fined by IPL officials