| Sunday, 30th April 2023, 10:41 pm

രാജസ്ഥാന് വേണ്ടി സഞ്ജുവിനേക്കാളും ബട്‌ലറിനേക്കാളും റണ്‍സ് നേടി മുംബൈ ബൗളര്‍മാര്‍; എക്‌സ്ട്രാസിനിവിടെ ഒരു പരിധിയുമില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ മില്ലേനിയം മാച്ചിനാണ് മുംബൈ ഇന്ത്യന്‍സിലെ വാംഖഡെ സ്റ്റേഡിയം സാക്ഷയാകുന്നത്. രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഐ.പി.എല്ലിലെ ചരിത്രമുഹൂര്‍ത്തത്തില്‍ കൊമ്പുകോര്‍ക്കുന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയിരുന്നു. യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ സെഞ്ച്വറിയാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

62 പന്തില്‍ നിന്നും 16 ബൗണ്ടറിയും എട്ട് സിക്‌സറുമായി 124 റണ്‍സാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. 200 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

രാജസ്ഥാന്‍ നിരയില്‍ മറ്റൊരു താരത്തിനും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 19 പന്തില്‍ നിന്നും 18 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന്‍ നിരയിലെ രണ്ടാമത് ടോപ് സ്‌കോറര്‍.

എന്നാല്‍ മറ്റേത് ബാറ്റര്‍മാര്‍ നേടിയതിനേക്കാളും റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ വിട്ടുനല്‍കിയത്. 25 റണ്‍സാണ് എക്‌സ്ട്രാ ഇനത്തില്‍ മാത്രം രാജസ്ഥാന്റെ അക്കൗണ്ടിലെത്തിയത്.

16 റണ്‍സ് വൈഡിലൂടെ രാജസ്ഥാന്‍ ടോട്ടലിലെത്തിയപ്പോള്‍ ഏഴ് റണ്‍സ് ലെഗ് ബൈയിലൂടെയും ലഭിച്ചു. ഒരു നോ ബോളാണ് മത്സരത്തില്‍ പിറന്നത്. NB 1, W 16, B 1, LB 7 എന്നിങ്ങനെയാണ് എക്‌സ്ട്രാസിലൂടെ രാജസ്ഥാന് വെറുതെ റണ്‍സ് ലഭിച്ചത്.

അതേസമയം, 213 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. അഞ്ച് പന്തില്‍ നിന്നും മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായെങ്കിലും ബാറ്റര്‍മാര്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയാണ്.

നിലവില്‍, ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ 62 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 18 പന്തില്‍ നിന്നും 32 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനും 19 പന്തില്‍ നിന്നും 23 റണ്‍സ് നേടിയ ഇഷാന്‍ കിഷനുമാണ് മുംബൈക്കായി ക്രീസില്‍.

Content Highlight:  Mumbai Indians bowlers conceded 25 runs in extras

We use cookies to give you the best possible experience. Learn more