കൊല്‍ക്കത്ത : ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബെെ ഇന്ത്യന്‍സിന് 102 റണ്‍സിന്റെ കൂറ്റന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് മുംബെെ ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്തയുടെ എല്ലാ വിക്കറ്റുകളും 18.1 ഓവറില്‍ 108 റണ്‍സെടുക്കുമ്പോഴേക്കും നഷ്ടമായി. ഇതോടെ മുംബെെ ഇന്ത്യന്‍സ് പ്ലേ ഓഫ് സാധ്യത നിലനിറുത്തി. ലീഗില്‍ മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
Read Also : തിരിഞ്ഞും മറിഞ്ഞും ഇഷാന്റെ മിന്നും പ്രകടനം; യാദവിന്റെ ഒരോവറില്‍ ഇഷാന്‍ പറത്തിയത് നാല് സിക്സ് (വീഡിയോ)
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് 21 പന്തില്‍ ആറു സിക്സും അഞ്ചു ബൗണ്ടറിയും സഹിതം 62 റണ്‍സ് അടിച്ചെടുത്ത ഇഷാന്‍ കിഷനാണ് കുറ്റന്‍ സ്‌കോറിലേക്ക് മികച്ച അടിത്തറ നല്‍കിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ബെന്‍ കട്ടിങ്ങും ഹര്‍ദിക്ക് പാണ്ഡ്യയും ക്രൂണാല്‍ പാണ്ഡ്യയും മുംബൈ സ്‌കോര്‍ 210 റണ്‍സിലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത മുംബൈ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. ഒരാള്‍ക്കു പോലും ക്രീസില്‍ അധികനേരം നിലയുറപ്പിക്കാനുള്ള അവസരം മുംബൈ ബൗളര്‍മാര്‍ നല്‍കിയില്ല. 21 റണ്‍സെടുത്ത ക്രിസ് ലൈനും നിതീഷ് റാണയുമാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍മാര്‍.
മുംബൈക്കായി ക്രുണാല്‍ പാണ്ഡ്യയും ഹര്‍ദിക്ക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ, മായങ്ക് മാര്‍ക്കണ്ഡെ, ബെന്‍ കട്ടിംങ്, മക്ലനാഗന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. കൊല്‍ക്കത്തയ്ക്കായി പീയൂഷ് ചൗള നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസീദ് കൃഷ്ണ, ടോം കുറാന്‍, സുനില്‍ നരേന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് അഞ്ചു വിജയം സഹിതം 10 പോയന്റുള്ള മുംബൈ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി. ഇതേ പോയന്റുള്ള കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇനി ശേഷിക്കുന്ന മത്സരങ്ങളെല്ലാം മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ മുംബൈക്ക് പ്ലേ ഓഫ് സാധ്യത സജീവമാക്കാം.