| Sunday, 27th March 2022, 4:39 pm

ദൈവത്തിന്റെ പോരാളികള്‍ ഇത്തവണയും തോറ്റുതന്നെയാവുമോ തുടങ്ങുന്നത്; തോറ്റാല്‍ നാണക്കേടിന്റെ അപൂര്‍വ റെക്കോഡും സ്വന്തം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ആദ്യ മത്സരത്തില്‍ വിജയിച്ച് തങ്ങളുടെ പേരിന് നേരെ ചാര്‍ത്തപ്പെട്ട നാണക്കേടിന്റെ കളങ്കം മാറ്റാനാവും മുംബൈയുടെ നീലപ്പട കളത്തിലിറങ്ങുന്നത്.

ആദ്യ മത്സരം ജയിക്കാനാവാത്ത ടീം എന്ന മാനക്കേട് മുംബൈ ചുമക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. 2012 മുതലുള്ള എല്ലാ ടൂര്‍ണമെന്റിലെ യും ആദ്യ മത്സരം തോറ്റുകൊണ്ടാണ് മുംബൈ തുടങ്ങാറുള്ളത്.

ഞായറാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ് – ദല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ കൂടി മുംബൈ പരാജയപ്പെട്ടാല്‍ തുടര്‍ച്ചയായി ഏറ്റവുമധികം തവണ ആദ്യ മത്സരം ജയിക്കാന്‍ കഴിയാത്ത ടീം എന്ന നാണക്കേടിന്റെ അപൂര്‍വ റെക്കോഡാവും മള്‍ട്ടിപ്പിള്‍ ചാമ്പ്യന്‍മാരുടെ പേരിന് നേരെ കുറിക്കപ്പെടുന്നത്.

ഐ.പി.എല്ലിന്റെ പതിനാല് സീസണുകളില്‍ നിന്നുമായി പത്ത് തവണയാണ് മുംബൈ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടത്, ഇതില്‍ തുടര്‍ച്ചയായ 9 പരാജയങ്ങളും ഉള്‍പ്പെടുന്നു.

സച്ചിനില്ലാതെ കളത്തിലിറങ്ങിയപ്പോഴാണ് മുംബൈ ആദ്യ മത്സരങ്ങളിലെ പരാജയം രുചിച്ചു തുടങ്ങിയത്.

ഐ.പി.എല്‍ 2008ല്‍ സച്ചിന്‍ ആദ്യ മത്സരം കളിച്ചിരുന്നില്ല, ഇതില്‍ പരാജയമായിരുന്നു ടീമിന്റെ വിധി. തുടര്‍ന്നുള്ള മൂന്ന് സീസണുകളിലും സച്ചിന്‍ ആദ്യ മത്സരം കളിച്ചപ്പോള്‍ മുംബൈ ഫസ്റ്റ് മാച്ച് ജയിച്ചിരുന്നു.

2012ല്‍ സച്ചിന്‍ കളിയവസാനിപ്പിച്ചതിന് പിന്നാലെ ആദ്യ മത്സരത്തിലെ തോല്‍വി എന്ന ബാധ ടീമിനെ വീണ്ടും പിടികൂടിയിരിക്കുകയാണ്.

ഇന്ന് ദല്‍ഹിയോട് തോല്‍ക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ തവണ ആദ്യ മത്സരം തോറ്റതിന്റെയും, തുടര്‍ച്ചയായി ഏറ്റവുമധികം തവണ ആദ്യ മത്സരം തോറ്റതിന്റെയും സ്വന്തം റെക്കോഡ് ഒന്നുകൂടി മെച്ചപ്പെടുത്താന്‍ മുംബൈയ്ക്കാവും.

ആദ്യ മത്സരങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവുമധികം തോല്‍വി വഴങ്ങിയ രണ്ടാമത്തെ ടീമിനോടാണ് മുംബൈ ഇത്തവണത്തെ കളിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആറ് മത്സരങ്ങളാണ് ദല്‍ഹി തുടര്‍ച്ചയായി പരാജയപ്പെട്ടത്.

Content Highlight: Mumbai Indians and their First Match Loss

We use cookies to give you the best possible experience. Learn more