ഐ.പി.എല്ലില്‍ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി സണ്‍റൈസസ് ഹൈദരാബാദ്. കഴിഞ്ഞദിവസം നടന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിനാണ് ഓറഞ്ച് ആര്‍മി പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
ഈ ആവേശകരമായ മത്സരത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് പിറവിയെടുത്തത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതൽ സിക്‌സുകള്‍ പിറക്കുന്ന മത്സരം എന്ന നേട്ടമാണ് മുംബൈയും ഹൈദരാബാദും സ്വന്തമാക്കിയത്.
38 സിക്‌സുകള്‍ ആണ് മത്സരത്തില്‍ ഇരു ടീമുകളും അടിച്ചെടുത്തത്. ഇതില്‍ മുംബൈ ഇന്ത്യന്‍സ് 20 സിക്‌സുകള്‍ നേടിയപ്പോള്‍ ഹൈദരാബാദ് 18 സിക്സുകളും അടിച്ചെടുത്തു.
ഇതിനുമുമ്പ് ഒരു ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറന്ന മത്സരം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ ആയിരുന്നു. ഇരുവരും തമ്മിലുള്ള മൂന്നു മത്സരങ്ങളിലാണ് ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറന്നത്. 2018, 2020, 2023 എന്നീ സീസണുകളില്‍ ആണ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 33 സിക്‌സുകള്‍ പിറന്നത്.
ഓറഞ്ച് ആര്‍മിക്ക് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ 34 പന്തില്‍ പുറത്താവാതെ 80 റണ്‍സും അഭിഷേക് ശര്‍മ 23 പന്തില്‍ 63 റണ്‍സും ട്രാവിസ് ഹെഡ് 24 പന്തില്‍ 62 റണ്‍സും ഏയ്ഡന്‍ മര്‍ക്രം 28 പന്തില്‍ പുറത്താവാതെ 42 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ ഹൈദരാബാദ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.
മറുപടി ബാറ്റിങ്ങില്‍ മുംബൈയും തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുകയായിരുന്നു. 34 പന്തില്‍ 64 റണ്‍സ് നേടി തിലക് വര്‍മയും 22 പന്തില്‍ 42 റണ്‍സ് നേടി ടിം ഡേവിഡും 13 പന്തില്‍ 34 റണ്‍സ് നേടി ഇഷാന്‍ കിഷനും മികച്ച പ്രകടനം നടത്തിയെങ്കിലും മുംബൈയുടെ പോരാട്ടം 246 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
Content Highlight: Mumbai Indians and Sunrisers Hyderabad create a record the Most Sixes in an IPL Match