ഇത്തവണയെങ്കിലും കിരീടമുയര്‍ത്തണമെന്ന വാശിയോടെയാണ് ആര്‍.സി.ബി കളത്തിലിറങ്ങുന്നത്. 2008 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും ഒറ്റ ഐ.പി.എല്‍ കിരീടം പോലും നേടാന്‍ സാധിക്കാത്ത മൂന്ന് ടീമുകളില്‍ ഒന്നെന്ന മോശം റെക്കോഡ് ഇത്തവണ മറികടക്കണമെന്ന വാശിയാണ് റോയല്‍ ചലഞ്ചേഴ്‌സിനുള്ളത്.
പല തവണ ഫൈനലിലെത്തിയെങ്കിലും കപ്പിനും ചുണ്ടിനുമിടയില്‍ ആര്‍.സി.ബിക്ക് കിരീടം നഷ്ടമാവുകയായിരുന്നു.
പഞ്ചാബും ദല്‍ഹിയുമാണ് 2008 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും കിരീടം നേടാന്‍ സാധിക്കാതെ പോയ മറ്റ് രണ്ട് ടീമുകള്‍. കിങ്‌സ് ഇലവന്‍ പഞ്ചാബ് പേര് മാറ്റി പഞ്ചാബ് കിങ്‌സ് ആയിട്ടും ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സ് ആയിട്ടും ഇരുവര്‍ക്കും കിരീടം നേടാന്‍ സാധിച്ചിരുന്നില്ല.
ഇക്കൂട്ടത്തിലെ മൂന്നാമനായ ആര്‍.സി.ബിയും പേര് മാറ്റിയിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നാണ് പേര് മാറ്റിയിരിക്കുന്നത്.
ഇതോടെ പേര് മാറ്റാതെ ഐ.പി.എല്ലിന്റെ എല്ലാ സീസണും കളിക്കുന്ന ടീമുകളുടെ പട്ടികയില്‍ നിന്നും ആര്‍.സി.ബി പുറത്തായിരിക്കുകയാണ്. 2008 മുതല്‍ 2024 വരെ ഒരേ പേരില്‍ (സ്‌പെല്ലിങ്ങില്‍) കളിക്കുന്ന രണ്ടേ രണ്ട് ടീമുകള്‍ മാത്രമാണ് നിലവിലുള്ളത്. മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഒരേ പേരില്‍ തുടരുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും ആദ്യ സീസണ്‍ മുതല്‍ ഇതുവരെ പേര് മാറ്റാതെ, ഒരേ പേരില്‍ തന്നെയാണ് തുടരുന്നതെങ്കിലും രണ്ട് സീസണില്‍ വിലക്ക് നേരിട്ടതാണ് ഈ നേട്ടത്തില്‍ ഇവര്‍ക്കെത്താന്‍ സാധിക്കാതെ പോയത്.
2014ല്‍ കര്‍ണാടകയുടെ തലസ്ഥാനനഗരത്തിന്റെ പേര് ബെംഗളൂരുവെന്ന് പുനര്‍നാമകരണം ചെയ്തതിന് പിന്നാലെ തന്നെ ടീമിന്റെ പേരിലും മാറ്റം വേണമെന്ന് ആരാധര്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ സീസണിന് മുന്നോടിയായ ടീം മാനേജ്‌മെന്റ് പേരുമാറ്റത്തിനൊരുങ്ങിയേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
പേര് മാറ്റത്തിനോടൊപ്പം പുതിയ സീസണിലെ ജേഴ്സിയും റോയല്‍ ചലഞ്ചേഴ്‌സ് പുറത്തുവിട്ടു. ഇത്തവണ നീലയും ചുവപ്പും ചേര്‍ന്ന ജേഴ്‌സിയിലായിരിക്കും ആര്‍.സി.ബി കളത്തിലെത്തുക.
‘ആര്‍സിബി ചുവപ്പാണ്. ഇപ്പോള്‍ അത് നീലയെ ചുംബിച്ചിരിക്കുന്നു. നിങ്ങള്‍ക്കായി മികവ് പുലര്‍ത്താന്‍ പുതിയ കവചവുമായി ഞങ്ങള്‍ തയാറായിരിക്കുന്നു,’ ജേഴ്സി പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു.
ആര്‍.സി.ബിയുടെ പുതിയ യുഗത്തിന് തുടക്കമാകുന്നുവെന്നാണ് ചടങ്ങില്‍ വിരാട് കോഹ് ലി പറഞ്ഞത്.
ആര്‍.സി.ബിയുടെ ഒന്നരപ്പതിറ്റാണ്ടിലധികം നീണ്ട ഫ്രാഞ്ചൈസി ചരിത്രത്തിലെ ആദ്യ കിരീടം കഴിഞ്ഞ ദിവസം ഡബ്ല്യു.പി.എല്ലിലൂടെ സാധ്യമായിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്തായിരുന്നു ഫൈനലില്‍ മന്ഥാനയും സംഘവും കപ്പുയര്‍ത്തിയത്.
Content highlight: Mumbai Indians and Kolkata Knight Riders are the only team stayed in same name and played all seasons since 2008