|

ഈ നാണക്കേട് തിരുത്താന്‍ മുംബൈക്ക് സാധിക്കുമോ? ഐ.പി.എല്ലില്‍ ഓപ്പണിങ് മാച്ച് നിര്‍ണായകം!

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകരുടെ ഇനിയുള്ള കാത്തിരിപ്പ് ഐ.പി.എല്ലിന്റെ പുതിയ സീസണാണ്. മാര്‍ച്ച് 22നാണ് ഐ.പി.എല്‍ മാമാങ്കം ആരംഭിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനാണ് വേദി.

ഐ.പി.എല്ലില്‍ ആരാധകരുടെ ഫേവറേറ്റുകളിലൊന്നാണ് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. മാര്‍ച്ച് 23ന് എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. മുംബൈയെ സംബന്ധിച്ച് ഈ മത്സരം ഏറെ നിര്‍ണായകമാണ്.

അതിന് ഒരു വലിയ കാരണവുമുണ്ട്. 2013ന് ശേഷം ഐ.പി.എല്ലിലെ ഒരു ഓപ്പിങ് മാച്ചിലും മുംബൈയ്ക്ക് വിജയിക്കാന്‍ സാധിച്ചില്ലായിരുന്നു. 2025ലെ പുതിയ സീസണില്‍ ചെന്നൈക്കെതിരെയുള്ള മത്സരത്തില്‍ വിജയം സ്വന്തമാക്കി നാണക്കേടില്‍ നിന്ന് കരകയറാനും കിരീടത്തിലേക്ക് കുതിക്കാനുമാണ് മുംബൈയുടെ ലക്ഷ്യം.

കഴിഞ്ഞ സീസണില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ടീമാണ് മുംബൈ. സൂപ്പര്‍ താരം രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയാണ് ഹര്‍ദിക്കിനെ മുംബൈയുടെ പുതിയ നായകനായി നിയമിച്ചത്. എന്നാല്‍ വളരെ മോശം പ്രകടനം കാഴ്ചവെച്ചാണ് മുംബൈ കഴിഞ്ഞ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.

എന്നാല്‍ പുതിയ സീസണിന് മുന്നോടിയായി മുംബൈയ്ക്ക് രണ്ട് തിരിച്ചടികളും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ മുംബൈയുടെ അവസാന മത്സരത്തിനിടെ എല്‍.എസ്.ജിക്കെതിരെ സ്ലോ ഓവര്‍ റേറ്റ് കാരണം ഹര്‍ദിക്കിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തില്‍ വിലക്കും കിട്ടിയിരുന്നു.

കഴിഞ്ഞ സീസണില്‍ മൂന്ന് തവണയാണ് എം.ഐ സ്ലോ ഓവര്‍ നിരക്കിന്റെ പിടിയിലായത്. ഇതോടെയാണ് ക്യാപ്റ്റനായ ഹര്‍ദിക്കിന് 2025ലെ ആദ്യ മത്സരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. പാണ്ഡ്യയുടെ അഭാവത്തില്‍ രോഹിത്തായിരിക്കും മുംബൈ ടീമിനെ നയിക്കാന്‍ സാധ്യതയുള്ളത്. മാത്രമല്ല സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ പരിക്കും ടീമിനെ വലിയ ആശങ്കയിലാണ്.

Content Highlight: Mumbai Indian’s Never Won An IPL Opening Match After 2013

Latest Stories