| Tuesday, 5th May 2020, 11:10 am

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്; മുംബൈയില്‍ മെയ് 17 വരെ നിരോധനാജ്ഞ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ മെയ് 17 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. രാത്രി എട്ടു മണിമുതല്‍ രാവിലെ ഏഴുമണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മെയ് നാല് രാത്രി മുതലാണ് നിരോധനജ്ഞ നിലവില്‍ വന്നത്. നാലോ അതിലധികമോ ആളുകള്‍ സംഘം ചേരാന്‍ പാടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അടിയന്തര വൈദ്യസഹായങ്ങള്‍ക്കോ അവശ്യ സര്‍വീസുകള്‍ക്കോ അല്ലാത്ത ഒരു വാഹനം പോലും ഈ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

കൊവിഡിനെ പ്രതിരോധിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമായ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. ലോക്ക് ഡൗണിനിടയില്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ മദ്യശാലകള്‍ തുറന്നിരുന്നു. ഇതേ തുടര്‍ന്ന് കിലോമീറ്ററുകള്‍ നീളമുള്ള ക്യൂവായിരുന്നു നഗരത്തിലുണ്ടായിരുന്നത്. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല.

മെയ് 17 വരെയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഇളവുകളോടു കൂടി ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഇതുവരെ മുംബൈയില്‍ നിരോധനാജ്ഞ തുടരും.

മഹാരാഷ്ട്രയില്‍ ഇതുവരെ 14,541 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 24 മണിക്കൂറില്‍ 35 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 583ആയി.

മഹാരാഷ്ട്രയില്‍ മുംബൈ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. ഇതുവരെ 9310 കൊവിഡ് ബാധിതരാണ് മുംബൈയിലുള്ളത്. സംസ്ഥാനത്തെ കൊവിഡ് മരണങ്ങളില്‍ 361 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തത് മുംബൈയിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more