മുംബൈയില്‍ മുസ്‌ലിം കുടുംബത്തിന് ഫഌറ്റ് തടഞ്ഞ സംഭവം; 9 പേര്‍ അറസ്റ്റില്‍
Daily News
മുംബൈയില്‍ മുസ്‌ലിം കുടുംബത്തിന് ഫഌറ്റ് തടഞ്ഞ സംഭവം; 9 പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th September 2016, 11:26 am

മുംബൈയില്‍ മുസ്‌ലിം കുടുംബത്തിന് ഫഌറ്റ് തടഞ്ഞ സംഭവത്തില്‍ ഗ്രേറ്റര്‍ മുംബൈ വസായി ഹൗസിങ് സൊസൈറ്റി അംഗങ്ങളായ ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു.


മുംബൈ:  മുംബൈയില്‍ മുസ്‌ലിം കുടുംബത്തിന് ഫഌറ്റ് തടഞ്ഞ സംഭവത്തില്‍ ഗ്രേറ്റര്‍ മുംബൈ വസായി ഹൗസിങ് സൊസൈറ്റി അംഗങ്ങളായ ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൗസിങ് സൊസൈറ്റി സെക്രട്ടറി ജിതേന്ദ്ര ജെയിന്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

അഹമ്മദ്ഖാന്‍ എന്നയാളുടെ പരാതിയിലാണ് പൊലീസ് നടപടി. ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരനായ കാന്തിബെന്‍ പട്ടേല്‍ അഹമ്മദ് ഖാന് ഫഌറ്റ് വില്‍ക്കാന്‍ തയ്യാറായി. എന്നാല്‍ സൊസൈറ്റിലെ ചില അംഗങ്ങള്‍ ഇതിനെതിരെ പ്രമേയം പാസാക്കുകയായിരുന്നു.

പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ മുസ്‌ലീങ്ങള്‍ക്ക് ഫ്‌ളാറ്റ് നല്‍കരുത് എന്നാവശ്യപ്പെട്ടാണ് ഇവര്‍ കത്തുനല്‍കിയത്. തങ്ങളുടെ സമുദായത്തില്‍പ്പെട്ട ആര്‍ക്കെങ്കിലും ഫഌറ്റ് നല്‍കിയാല്‍ മതിയെന്നും ഇല്ലെങ്കില്‍ ഫഌറ്റിലേക്കുള്ള കുടിവെള്ളം നിര്‍ത്തുമെന്നും സൊസൈറ്റി അംഗങ്ങള്‍ ഭീഷണി മുഴക്കിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 11 പേര്‍ക്കെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

രണ്ട് മുസ്‌ലിം കുടുംബങ്ങള്‍ ഉള്‍പ്പെടെ 16 അംഗങ്ങളാണ് സൊസൈറ്റിയിലുള്ളത്. ഫഌറ്റില്‍ മുസ്‌ലിം കുടുംബങ്ങള്‍ക്ക് പ്രവേശനം നല്‍കരുതെന്ന പ്രമേയം തങ്ങളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാസാക്കിയതെന്ന് സൊസൈറ്റിയിലെ മുസ്‌ലിം കുടുംബങ്ങള്‍ പറഞ്ഞു.