മുംബൈ: രണ്ടു പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപ ഈടാക്കി മുംബൈയിലെ ആഡംബര ഹോട്ടല്‍. എഴുത്തുകാരന്‍ കാര്‍ത്തിക് ധര്‍ ആണ് മുംബൈയിലെ ഫോര്‍ സീസണ്‍ ഹോട്ടലിലെ കഴുത്തറുക്കുന്ന ബില്ലിന്റെ വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
‘നമുക്ക് പ്രതിഷേധിക്കാം?’ എന്ന് പറഞ്ഞ് നടന്‍ രാഹുല്‍ ബോസിനെയും കാര്‍ത്തിക് ടാഗ് ചെയ്തിട്ടുണ്ട്. ബില്ലിന്റെ ചിത്രവും കാര്‍ത്തിക് പങ്കുവെച്ചിട്ടുണ്ട്. രണ്ട് ഓംലെറ്റിനും 1700 രൂപയാണ് ബില്ലിലുള്ളത്. മൊത്തം 6,938 രൂപയുടെ ബില്ലാണ് കാര്‍ത്തികിന് ഹോട്ടല്‍ നല്‍കിയത്.
എന്നാല്‍ ട്വീറ്റിനോട് ഹോട്ടല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് സ്വര്‍ണമുട്ടയാണോ എന്നാണ് കാര്‍ത്തികിന്റെ ട്വീറ്റിനോട് ഒരാള്‍ പ്രതികരിച്ചിരിക്കുന്നത്. രാഹുല്‍ ബോസിന്റെ ട്വീറ്റ് ചര്‍ച്ചയായതുപോലെ കാര്‍ത്തികിന്റെ ട്വീറ്റും വലിയ ചര്‍ച്ചയായിട്ടുണ്ട്.
ചണ്ഡീഗഡിലെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഗ്രൂപ്പായ ജെ.ഡബ്ല്യു.യു മാരിയറ്റ് രണ്ടു വാഴപ്പഴത്തിന് രാഹുല്‍ ബോസില്‍ നിന്നും 400 രൂപ ഈടാക്കിയിരുന്നു. #GoingBanansa എന്ന ഹാഷ്ടാഗില്‍ 38 സെക്കന്‍ഡുള്ള വീഡിയോയിലാണ് രാഹുല്‍ ബോസ് തന്റെ അനുഭവം പങ്കുവെച്ചത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെ നികുതിയുടെ പേരില്‍ അനധികൃത പണം ഈടാക്കിയതിന് ചണ്ഡീഗഢ് എക്സൈസ് ആന്‍ഡ് ടാക്സേഷന്‍ വകുപ്പ് ഹോട്ടലിന് പിഴ ശിക്ഷ വിധിച്ചിരുന്നു. 25,000 രൂപയാണ് പിഴയീടാക്കിയത്.
ജി.എസ്.ടി നിയമത്തിന് കീഴില്‍ ഫ്രഷ് ഫ്രൂട്ടിന് ടാക്സ് ചുമത്താന്‍ പാടില്ല. രണ്ട് പഴത്തിനായി 67.5 രൂപയാണ് രാഹുല്‍ ബോസില്‍ നിന്നും ഹോട്ടലുകാര്‍ ഈടാക്കിയത്.