| Friday, 23rd July 2021, 6:38 pm

എന്‍.ഐ.എ. എതിര്‍പ്പ് അറിയിച്ചു; ഫാ. സ്റ്റാന്‍ സ്വാമിയെ പ്രകീര്‍ത്തിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മുംബൈ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തി മുംബൈ ഹൈക്കോടതി വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു. എന്‍.ഐ.എ. എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി വാക്കാലുള്ള പരാമര്‍ശം പിന്‍വലിച്ചത്.

സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ അദ്ദേഹത്തിന്റെ മരണ ശേഷം പരിഗണിക്കുന്നതിനിടെയാണ് എന്‍.ഐ.എ. കോടതിയുടെ പരാമര്‍ശത്തില്‍ എതിര്‍പ്പ് അറിയിച്ചത്.

ജഡ്ജിമാരും മനുഷ്യരാണെന്നും പരാമര്‍ശം പിന്‍വലിക്കുന്നതായി അറിയിച്ചുകൊണ്ട് ജസ്റ്റിസ് എസ്.എസ്. ഷിന്‍ഡേ എന്‍.ഐ.എയോട് പറഞ്ഞു.

‘ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പെട്ടെന്നുണ്ടായ മരണ വാര്‍ത്ത കേട്ടപ്പോള്‍ പ്രതികരിച്ച് പോയതാണ്. ഞങ്ങളും മനുഷ്യരാണ്. ഞാന്‍ പറഞ്ഞത് നിയമപരമായ കാര്യങ്ങളെ ബാധിക്കുന്നതല്ല. നിങ്ങളെ ഏതെങ്കിലും തരത്തില്‍ അത് ബാധിക്കുന്നുണ്ടെങ്കില്‍ അത് ഞാന്‍ തിരിച്ചെടുക്കുന്നു. ഞാന്‍ പറഞ്ഞത് എന്റെ സ്വകാര്യമായ വാക്കുകളാണ്. അത് ഞാന്‍ തിരിച്ചെടുക്കുന്നു. മനുഷ്യനെന്ന നിലയില്‍ ചിലപ്പോള്‍ ഇത്തരം പ്രസ്താവനകള്‍ സംഭവിച്ചേക്കാം,’ ജഡ്ജി പറഞ്ഞു.

സ്റ്റാന്‍ സ്വാമി സമൂഹത്തിന് വേണ്ട നല്ല കാര്യങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ കണ്ടുവെന്ന് ഷിന്‍ഡേ പറഞ്ഞിരുന്നതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളോട് ആദരവാണ് ഉള്ളതെന്നും ജസ്റ്റിസ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് എതിര്‍പ്പ് അറിയിച്ചത്.

ജൂലൈ അഞ്ചിന് ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ചായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചത്. ഭീമ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചത്.

മുബൈ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍.ഐ.എ. അറസ്റ്റ് ചെയ്യുന്നത്.

ഈ കേസില്‍ ഇതിനോടകം സാമൂഹ്യ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്‌ചോര്‍, ജ്യോതി ജഗ്തപ്, എന്നിവര്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mumbai High withdrew its oral statements in praise of late activist -Father Stan Swamy

We use cookies to give you the best possible experience. Learn more