'ലിയോ ടോള്‍സ്റ്റോയിയുടെ വാര്‍ ആന്റ് പീസിനെക്കുറിച്ച് എനിക്കറിയാം, അത് ക്ലാസികാണ്'; വിശദീകരണവുമായി ബോംബെ ഹൈക്കോടതി ജഡ്ജി
മുംബൈ: ലിയോ ടോള്‍സ്റ്റോയിയുടെ വാര്‍ ആന്റ് പീസ് (യുദ്ധവും സമാധാനവും) എന്ന പുസ്തകം എന്തിനാണ് വീട്ടില്‍ സൂക്ഷിച്ചത് എന്ന് ഭീമ കോറഗാവ് കേസില്‍ അറസറ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ചോദിച്ചതിനു വിശദീകരണവുമായി ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സാരംഗ് കോട്വാള്‍.
ലിയോ ടോള്‍സ്റ്റോയിയുടെ വാര്‍ ആന്റ് പീസിനെക്കുറിച്ച് തനിക്കറിയാമെന്ന് സാരംഗ് കോട്വാള്‍ പറഞ്ഞു. ടോള്‍സ്റ്റോയിയുടേത് ക്ലാസിക് ആണെന്ന കാര്യം അറിയാം. അതിനെക്കുറിച്ചല്ല താന്‍ കഴിഞ്ഞ ദിവസം ചോദിച്ചതെന്നും ജസ്റ്റിസ് കോട്വാള്‍ വിശദീകരിച്ചു.
വെര്‍ണന്‍ ഗൊണ്‍സാല്‍വസിനോടുള്ള തന്റെ ചോദ്യം വന്‍ വിമര്‍ശനത്തിന് ഇടവച്ച പശ്ചാത്തലത്തിലാണ് ജ്ഡജിയുടെ വിശദീകരണം. പൊലീസ് നിരോധിച്ചിട്ടുള്ള ഒരു പുസ്തകം പോലും ഗൊണ്‍സാല്‍വസിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്തിട്ടില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജഡ്ജി വീണ്ടും വാര്‍ ആന്റ് പീസിനെ പരാമര്‍ശിച്ചത്.
”പുസ്തകങ്ങളൊന്നും നിരോധിച്ചതല്ലെന്ന വാദമാണ് താങ്കള്‍ മുന്നോട്ടുവച്ചത്. ഇന്നലെ പൊലീസ് നല്‍കിയ പട്ടികയില്‍നിന്നുള്ള പേരുകളെല്ലാം ഞാന്‍ വായിക്കുകയായിരുന്നു. വാര്‍ ആന്റ് പീസിനെക്കുറിച്ച് എനിക്കറിയാം. അതു സാഹിത്യ ക്ലാസിക് ആണ്. പൊലീസ് തെളിവായി ഹാജരാക്കിയ മുഴുവന്‍ പട്ടികയെക്കുറിച്ചാണ് ഞാന്‍ ചോദിച്ചത്” – ജസ്റ്റിസ് കോട്വാള്‍ പറഞ്ഞു.
മറ്റൊരു രാജ്യത്തെ യുദ്ധത്തെക്കുറിച്ച് പറയുന്ന പുസ്തകമായ വാര്‍ ആന്റ് പീസ് എന്തിനാണ് വീട്ടില്‍ സൂക്ഷിക്കുന്നത് എന്നായിരുന്നു ഇന്നലെ ജഡ്ജി ചോദിച്ചത്. രാജ്യധമന്‍ വിരോധി എന്ന സി.ഡി കൈവശം വച്ചതിനും ജഡ്ജി സമാനമായ ചോദ്യം ഉന്നയിച്ചിരുന്നു.
അത്തരം സി.ഡികളും പുസ്തകങ്ങളും ഭരണകൂടത്തിനെതിരായത് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതാണെന്ന് ഗോണ്‍സാല്‍വസിന്റെയും മറ്റുള്ളവരുടെയും ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സാരംഗ് കോട്വാളിന്റെ സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു.
അതേസമയം, ടോള്‍സ്റ്റോയിയുടെ നോവലല്ല പിടിച്ചെടുത്തതെന്നും ബിശ്വജിത് റോയ് എഡിറ്റ് ചെയ്ത ഉപന്യാസ സമാഹാരണെന്നും ഗൊണ്‍സാല്‍വസിനൊപ്പം അറസ്റ്റിലായ സുധ ഭരദ്വാജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വാര്‍ ആന്റ് പീസ് ഇന്‍ ജംഗല്‍ മഹല്‍-പീപ്പിള്‍, സ്റ്റേറ്റ് ആന്‍ഡ് മാവോയിസ്റ്റ് എന്നാണ് പുസ്തകത്തിന്റെ പേരെന്നും അഭിഭാഷകന്‍ അറിയിച്ചു.
2017 ഡിസംബര്‍ 31 നാണ് പൂനെയ്ക്ക് സമീപം ഭീമ കോറഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത് പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് വെര്‍ണന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വരവര റാവു തുടങ്ങിയവരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.