| Thursday, 10th June 2021, 6:05 pm

മുംബൈയിലെ കൊവിഡ് മരണനിരക്കില്‍ കൃത്രിമത്വമെന്ന് ബി.ജെ.പി.; തട്ടിപ്പ് കാണിച്ച് മൃതദേഹങ്ങള്‍ ഒഴുക്കിവിടാന്‍ മാത്രം മുംബൈയില്‍ നദികളൊന്നുമില്ലെന്ന് മേയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് മരണനിരക്കില്‍ മുംബൈ പ്രാദേശിക ഭരണകൂടം കൃത്രിമത്വം കാണിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍.

ബി.ജെ.പി. ഭരിക്കുന്ന യു.പിയിലും, ബീഹാറിലുമാണ് മരണനിരക്കില്‍ കൃത്രിമത്വം കാണിച്ച് കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുന്നതെന്നും മുംബൈയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിടാന്‍ മാത്രം വലിയ നദികളൊന്നുമില്ലെന്നായിരുന്നു മേയറുടെ മറുപടി.

‘കൊവിഡ് മരണങ്ങളെപ്പറ്റിയുള്ള ഒരു വിവരങ്ങളും മറച്ചുപിടിച്ചിട്ടില്ല. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മുംബൈയിലെ നദികളില്‍ ഒഴുക്കിവിട്ട സംഭവവും ഉണ്ടായിട്ടില്ല. മുംബൈയില്‍ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു രേഖയിലും കൃത്രിമത്വം നടത്തിയിട്ടില്ല,’ മേയര്‍ പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ യു.പിയിലെ ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടന്നത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു.

രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ യു.പിയില്‍ വ്യാപകമായി നദിയിലേക്ക് വലിച്ചെറിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നു.

ബീഹാറിലെ ബക്‌സാറിലും ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയിരുന്നു. മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ പശ്ചാത്തലത്തില്‍ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്ഥാപിച്ച് ബീഹാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് റാണിഘട്ട്.

യു.പിയിലെ ഗാസിപുരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിട്ടതെന്നാണ് ബീഹാറിലെ ബക്‌സാര്‍ ഡി.എം അമന്‍ സമിര്‍ പറഞ്ഞത്.
71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നെടുത്ത് സംസ്‌കരിച്ചെന്ന് ബീഹാര്‍ അധികൃതര്‍ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ നദികളില്‍ മൃതദേഹങ്ങള്‍ വലിച്ചെറിയരുതെന്ന് ആവശ്യപ്പെട്ട് നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. നദീതീരങ്ങളില്‍ പട്രോളിംഗ് വര്‍ദ്ധിപ്പിക്കാനും കേന്ദ്രം കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Mumbai Has No River To Dump Covid Bodies Mumbai Mayor To BJP

We use cookies to give you the best possible experience. Learn more