മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടയില്‍ നടന്‍ ഷാരൂഖ് ഖാന്റെ ഡ്രൈവറെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. എന്‍.സി.ബി നോട്ടീസ് നല്‍കിയാണ് ഷാരൂഖിന്റെ ഡ്രൈവറെ വിളിപ്പിച്ചത്.
ഇയാള്‍ മുംബൈയിലെ എന്‍.സി.ബി ഓഫീസിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ കസ്റ്റഡിയിലാണ്.
റെയ്ഡിനിടെ ആര്യനില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് എന്‍.സി.ബി കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആര്യന്റെ ഫോണിലെ ചാറ്റുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടാണ് എന്‍.സി.ബി സ്വീകരിച്ചത്.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാനടക്കം പത്ത് പേര്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു.
രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.
ആഡംബര കപ്പലില്‍ ഉണ്ടായിരുന്ന മറ്റുചിലരില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്ന്‍, അഞ്ച് ഗ്രാം മെഫെഡ്രോന്‍, 21 ഗ്രാം ചരസ്, 22 എം.ഡി.എം.എ ഗുളികകള്‍, 1,33,000 രൂപ എന്നിവയാണ് എന്‍.സി.ബി കപ്പലില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mumbai cruise drug bust case: Shah Rukh Khan’s driver at NCB office for questioning