ന്യൂദൽഹി: മുഗൾ ചക്രവർത്തി ഔറംഗസേബിനെ പ്രശംസിക്കുകയും നല്ല ഭരണാധികാരി എന്ന് വിളിക്കുകയും ചെയ്തതിന് ക്രിമിനൽ കേസിൽ കുറ്റാരോപിതനായ സമാജ്‌വാദി പാർട്ടി എം.എൽ.എ അബു അസിം ആസ്മിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് മുംബൈ സെഷൻസ് കോടതി.
20,000 രൂപയുടെ ജാമ്യത്തിൽ അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. രഘുവംശിയാണ് ആസ്മിക്ക് ജാമ്യം അനുവദിച്ചത്.
മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ മുംബൈയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു ആസ്മി ഔറംഗസേബിനെ പിന്തുണച്ചത്. ‘ഔറംഗസേബ് നിരവധി ക്ഷേത്രങ്ങൾ പണിതു. വാരണാസിയിൽ, ഒരു ഹിന്ദു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പുരോഹിതനിൽ നിന്ന് ആ കുട്ടിയെ രക്ഷിച്ചു. ആ പുരോഹിതനെ ആനകളെക്കൊണ്ട് ചവിട്ടിക്കൊന്നു’ എന്ന് ആസ്മി പറഞ്ഞിരുന്നു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും ഔറംഗസേബിനോട് താരതമ്യപ്പെടുത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സമീപകാല പ്രസ്താവനയ്ക്ക് മറുപടിയായി, ഔറംഗസേബിനെ ബി.ജെ.പി തെറ്റായി ചിത്രീകരിക്കുകയാണെന്ന് ആസ്മി പ്രതികരിച്ചിരുന്നു.
ഒപ്പം ഔറംഗസേബിന്റെ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യയെ ‘സ്വർണ്ണ കുരുവി’ എന്ന് വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഔറംഗസേബിന്റെ ഭരണകാലത്ത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 24 ശതമാനമായിരുന്നുവെന്നും അതുകൊണ്ടാണ് ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പരാമർശത്തിന് പിന്നാലെ ശിവസേന എം.പി നരേഷ് മാസ്‌കെ താനെയിലെ വാഗലെ എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ഭാരതീയ ന്യായ സംഹിത (ബി.എൻഎസ്) സെക്ഷൻ 299, 302, 356(1), 356(2) എന്നിവ പ്രകാരം ആസ്മിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
ശിവസേനാ പ്രവർത്തകയായ കിരൺ നഖി എന്ന മറ്റൊരു പരാതിക്കാരി, ആസ്മി ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും നിലവിൽ ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ചു.
‘വാസ്തവത്തിൽ, ഔറംഗസേബ് ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചു, ദരിദ്രർക്ക് അനീതിയും അടിച്ചമർത്തലും നടത്തി. ഛത്രപതി സാംബാജി മഹാരാജിനെ മതം മാറ്റാൻ നിർബന്ധിച്ച് 40 ദിവസം പീഡിപ്പിച്ചു, അദ്ദേഹത്തിന്റെ ഭരണം ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായിരുന്നു. ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ട്, ആസ്മി ഹിന്ദു സമൂഹത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തി, ഭരണകക്ഷിയെ അപകീർത്തിപ്പെടുത്തി,’ നഖി എഫ്.ഐ.ആറിൽ പറഞ്ഞു.
അതനുസരിച്ച്, ഭാരതീയ ന്യായ്‍ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 299 (മതവിശ്വാസത്തെ അപമാനിക്കൽ), 302 (മതവികാരങ്ങളെ വ്രണപ്പെടുത്തല്‍), 356 (1), (2) (അപകീര്‍ത്തിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആസ്മിക്കെതിരെ കേസെടുത്തത്.
Content Highlight: Mumbai Court Grants Anticipatory Bail To SP MLA Abu Azmi In Case For Praising Mughal Emperor Aurangzeb