മുംബൈ: ടി.ആര്‍.പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ച സംഭവത്തില്‍ റിപബ്ലിക് ടി.വിക്കെതിരെ അന്വേഷണം. റിപബ്ലിക് ടി.വി ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടി.ആര്‍.പി റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ടി.ആര്‍.പി റേറ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ (ബാര്‍കോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് മുംബൈ പൊലീസ് പറയുന്നത്.
ടി.ആര്‍.പി റേറ്റിംഗ് അളക്കുന്ന രണ്ടായിരത്തിലധികം ബാരോമീറ്ററുകള്‍ മുംബൈയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥലങ്ങള്‍ രഹസ്യമാണ്. എന്നാല്‍ ഈ ബാരോമീറ്റര്‍ സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ട മുന്‍ ജീവനക്കാര്‍ അതിനെ സ്വാധീനിക്കുന്നതായി പൊലീസ് കണ്ടെത്തി.
ഇവര്‍ ബാരോമീറ്റര്‍ സ്ഥാപിച്ചിടങ്ങളിലെ ആളുകളെ സ്വാധീനിച്ച് ചില ചാനലുകള്‍ മാത്രം വെക്കാന്‍ ആവശ്യപ്പെടുകയും ഇതിനായി ഇവരുമായി ധാരണയിലെത്തിയെന്നുമാണ് പൊലീസ് പറയുന്നത്.
നിലവില്‍ ഫക്ത് ഭാരതിന്റെയും ബോക്‌സ് സിനിമയുടെയും ഉടമസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. റിപബ്ലിക് ചാനല്‍ അധികൃതര്‍ക്ക് മുംബൈ പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്.
അതേസമയം മുംബൈ പൊലീസ് വാദത്തെ റിപബ്ലിക് ടി.വി തള്ളി. തങ്ങള്‍ ഇതിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നാണ് റിപബ്ലിക് ടി.വി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക