| Friday, 16th December 2022, 12:11 pm

ജി20 യോഗത്തിനെത്തിയ വിദേശികള്‍ക്ക് മുന്നില്‍ ചേരികള്‍ തുണികൊണ്ട് മറച്ച് മുംബൈ കോര്‍പറേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ജി20 ഉച്ചകോടിയുടെ ഭാഗമായി എത്തിയ വിദേശ ഡെലിഗേറ്റുകള്‍ക്ക് മുന്നില്‍ മുംബൈയിലെ ചേരി പ്രദേശങ്ങള്‍ തുണികൊണ്ട് മറച്ചുവെച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.

സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ യാത്ര ചെയ്യുന്ന വഴികളില്‍ പലയിടത്തുമായാണ് ഇത്തരത്തില്‍ ചേരി പ്രദേശങ്ങള്‍ പച്ച നിറത്തിലുള്ള തുണികളും നെറ്റുമുപയോഗിച്ച് മറച്ചിരിക്കുന്നത്.

ജി20 ഉച്ചകോടിക്കായി എത്തുന്നവര്‍ക്ക് സ്വാഗതം എന്നെഴുതിയ വെള്ള ബോര്‍ഡുകളും ഇത്തരത്തില്‍ മറയായി ഉപയോഗിച്ചിട്ടുണ്ട്. ബാരിക്കേഡ് സ്ഥാപിച്ചുകൊണ്ടാണ് അതില്‍ സമ്മേളനത്തിന്റെ ഫ്‌ളക്‌സുകള്‍ പതിപ്പിച്ചിരിക്കുന്നത്.

മുംബൈയിലെ ജോഗേശ്വരി ചേരിയാണ് വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ ഇത്തരത്തില്‍ മറച്ചുപിടിച്ചിരിക്കുന്നത്. ബി.എം.സിയുടേതാണ് (ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍) നടപടി.

എന്നാല്‍ ചേരി പ്രദേശങ്ങള്‍ മനപൂര്‍വം മറച്ചതല്ലെന്നും നഗരത്തിന്റെ സൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായ നടപടിയാണിതെന്നുമാണ് മുംബൈ കോര്‍പറേഷന്റെ വിശദീകരണം. നഗരസൗന്ദര്യവല്‍ക്കരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.

ജി20 ഡെവലപ്‌മെന്റ് വര്‍ക്കിങ് കമ്മിറ്റി യോഗമാണ് മുംബൈയില്‍ വെച്ച് നടക്കുന്നത്. ഇതിന്റെ ഭാഗമായി കടുത്ത ഗതാഗത നിയന്ത്രണങ്ങളും മുംബൈ ട്രാഫിക് പൊലീസ് ഈയാഴ്ച നഗരത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്.

ബാന്ദ്ര, ഖേര്‍വാദി, ബാന്ദ്ര കുര്‍ള കോംപ്ലക്സ്, സീല്‍ ലിങ്ക്, ബാന്‍ഡ്സ്റ്റാന്‍ഡ് തുടങ്ങിയ മേഖലകളിലാണ് ഗതാഗതക്കുരുക്ക് നേരിടുന്നത്. ഡിസംബര്‍ 13 മുതല്‍ 16 വരെയാണ് ജി20 രാജ്യങ്ങളുടെ ആദ്യത്തെ ഡെവലപ്‌മെന്റ് വര്‍ക്കിങ് ഗ്രൂപ്പ് (Development Working Group- DWG) യോഗം മുംബൈയില്‍ വെച്ച് നടക്കുന്നത്.

ഇന്ത്യ ജി20 പ്രസിഡന്‍സി ഏറ്റെടുത്തതിനെ തുടര്‍ന്നാണ് ഇവിടെ വെച്ച് യോഗം നടക്കുന്നത്. 55 ഇടങ്ങളിലായി 200ലധികം യോഗങ്ങള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആദ്യത്തെ ഫിനാന്‍സ് ആന്‍ഡ് സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്.സി.ബി.ഡി) യോഗത്തിന് ഡിസംബര്‍ 13 മുതല്‍ 15 വരെ ബെംഗളൂരുവും ആതിഥേയത്വം വഹിക്കുന്നുണ്ട്.

ഡിസംബര്‍ ഒന്ന് മുതലായിരുന്നു ഇന്ത്യ ഔദ്യോഗികമായി ജി20 രാജ്യങ്ങളുടെ കൂട്ടായ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.

Content Highlight: Mumbai Corporation covered slum areas to hide it from foreign delegates who came for G20 meeting

We use cookies to give you the best possible experience. Learn more