ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്ലിന് ഇനി രണ്ട് നാള്‍ മാത്രം. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റിന്റെ പതിനെട്ടാം പതിപ്പിന് മാര്‍ച്ച് 22നാണ് തുടക്കം. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് ഉദ്ഘാടന മത്സരത്തിന് വേദിയാവുക.
ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി എല്ലാ ടീമുകളും അവസാന ഘട്ട തയ്യാറെടുപ്പിലാണ്. താരങ്ങളെല്ലാം ടീമിനോടൊപ്പം ഇതിനോടകം ചേര്‍ന്നിട്ടുണ്ട്. പരിക്ക് കാരണം പല താരങ്ങള്‍ക്കും സീസണ്‍ മുഴുവനായോ ആദ്യ കുറച്ച് മത്സരങ്ങളില്‍ നിന്നോ പുറത്തായിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കും ആദ്യ കുറച്ച് മത്സരങ്ങള്‍ നഷ്ടമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ബുംറയ്ക്ക് പരിക്കേല്‍ക്കുന്നത്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും താരത്തിന് നഷ്ടമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പുറം വേദനയില്‍ കുറവില്ലാത്തതിനാല്‍ സൂപ്പര്‍ പേസറെ ഒഴിവാക്കുകയായിരുന്നു.
ഇപ്പോള്‍, ഐ.പി.എല്ലില്‍ ആദ്യ ഘട്ടത്തിലെ ബുംറയുടെ അഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ഹെഡ് കോച്ച് മഹേല ജയവര്‍ധനെ. ബുംറ സീസണിന്റെ ആദ്യ ഘട്ടത്തില്‍ ടീമിനൊപ്പമില്ലാത്തത് വെല്ലുവിളിയാണെന്നും വര്‍ഷങ്ങളായി താരം മുംബൈയുടെ പ്രധാനിയാണെന്നും ജയവര്‍ധനെ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജസ്പ്രീത് ഇപ്പോള്‍ എന്‍.സി.എയിലാണ്. അവനെക്കുറിച്ച് ബി.സി.സി.ഐ മെഡിക്കല്‍ ടീം എന്താണ് ഫീഡ്ബാക്ക് നല്‍കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ഇപ്പോള്‍ എല്ലാം നന്നായി പോകുന്നു. ജസ്പ്രീത് നല്ല ഉത്സാഹത്തിലാണ്.
ജസ്പ്രീത് ടീമിലില്ലാത്തത് ഒരു വെല്ലുവിളിയാണ്. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് അവന്‍. അവന്‍ വര്‍ഷങ്ങളായി ഞങ്ങളുടെ ടീമിലെ പ്രധാനിയാണ്,’ ജയവര്‍ധനെ പറഞ്ഞു.
സീസണിന്റെ തുടക്കം ബുംറയില്ലാത്തത് ടീമില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അവസരം നല്‍കുന്നുവെന്നും മുംബൈ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.
‘നമുക്ക് കാത്തിരിക്കേണ്ടി വരും അല്ലെങ്കില്‍ മറ്റൊരാളെ കണ്ടെത്തേണ്ടി വരും. അങ്ങനെയാണ് ഞാന്‍ അതിനെ കാണുന്നത്. കുറച്ച് കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കുകയും കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കാനും ഇത് ഞങ്ങള്‍ക്ക് അവസരം നല്‍കുന്നു. സീസണിന്റെ ആദ്യഭാഗം അത് ചെയ്യാന്‍ ഞങ്ങളെ അനുവദിക്കുന്നു,’ ജയവര്‍ധനെ പറഞ്ഞു.
ബുംറ 2013 തൊട്ട് മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ട്. ടീമിനായി 133 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണലിലും താരം മുംബൈക്കായി മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. 6.48 എക്കണോമിയില്‍ പന്തെറിഞ്ഞ് 20 വിക്കറ്റെടുത്തിരുന്നു ബുംറ. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ താരം മൂന്നാമനായിരുന്നു.
അതേസമയം, ഐ.പി.എല്ലില്‍ മുംബൈയുടെ ആദ്യ മത്സരം മാര്‍ച്ച് 23ന് ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്സുമായാണ്. മാര്‍ച്ച് 29 ന് ഗുജറാത്ത് ടൈറ്റന്‍സുമായും മാര്‍ച്ച് 31ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് മുംബൈയുടെ ഈ മാസത്തെ മറ്റ് മത്സരങ്ങള്‍.
Content Highlight: Mumbai Coach Mahela Jayawardene Reveals That Not Having Jasprit Bumrah Is a Challenge