ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സിക്ക് ജയം. ത്രില്ലര്‍ പോരാട്ടത്തില്‍ പഞ്ചാബ് എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈ തോല്‍പ്പിച്ചത്. മത്സരത്തില്‍ ഒറ്റ മിനിട്ടില്‍ തന്നെ മുംബൈയുടെ രണ്ട് ഗോളുകളും പിറന്നത് ഏറെ ശ്രദ്ധേയമായി.
മുംബൈയുടെ ഹോംഗ്രണ്ടായ മുംബൈ ഫുട്‌ബോള്‍ അറീനയില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് മുംബൈ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയായിരുന്നു പഞ്ചാബ് പിന്തുടര്‍ന്നത്.
മത്സരത്തിന്റെ 38ാം മിനിട്ടില്‍ ലൂക്ക മാജ്‌സെന്റെ ഗോളിലൂടെയാണ് പഞ്ചാബ് എഫ്.സി ലീഡെടുത്തത്. പന്തുമായി ഒറ്റക്ക് മുന്നേറിയ താരം പെനാല്‍ട്ടി ബോക്‌സിന്റെ പുറത്തുനിന്നും പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു.
ഈ ഗോളിലൂടെ ആദ്യപകുതി 1-0 എന്ന നിലയില്‍ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ മറുപടി ഗോളിനായി മുംബൈ മികച്ച മുന്നേറ്റങ്ങള്‍ നടത്തി അവസാനം മത്സരത്തിന്റെ 82ാം മിനിട്ടിലായിരുന്നു മുംബൈയുടെ രണ്ട് ഗോളുകളും പിറന്നത്.
ഗ്രഗ് സ്റ്റുവര്‍ട്ട് ആണ് ആദ്യ ഗോള്‍ നേടിയത്. പോസ്റ്റിന്റെ പുറത്തു നിന്നും താരം തന്റെ ഇടതുകാലില്‍ നിന്നും ഒരു ബുള്ളറ്റ് ഷോട്ട് പോസ്റ്റിലേക്ക് പായിക്കുകയായിരുന്നു.
നിമിഷങ്ങള്‍ക്കകം പെരേര ഡയസിലൂടെ മുംബൈ രണ്ടാം ഗോളും വിജയഗോളും നേടുകയായിരുന്നു. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ഡയസ് ഗോള്‍ നേടുകയായിരുന്നു.
മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ പഞ്ചാബ് താരം ഡിമിട്രിസ് ചാത്സിസായിയസ് ചുവപ്പ് കാര്‍ഡ് കണ്ടതും ടീമിന് തിരിച്ചടിയായി.
ഒടുവില്‍ മത്സരം അവസാനിക്കുമ്പോള്‍ 2 -1ന് മുംബൈ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും രണ്ട് സമനിലയുമായി രണ്ടാം സ്ഥാനത്തെത്താനും മുംബൈയ്ക്ക് സാധിച്ചു.
അതേസമയം പഞ്ചാബ് എഫ്.സി സീസണിലെ തങ്ങളുടെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും. ആറ് മത്സരങ്ങളില്‍ നിന്നും രണ്ട് സമനിലയും നാല് തോല്‍വിയുമാണ് പഞ്ചാബിന്റെ അക്കൗണ്ടില്‍ ഉള്ളത്.
ഡിസംബര്‍ എട്ടിന് ബംഗളൂരു എഫ്.സിയുമായാണ് മുംബൈയുടെ അടുത്ത മത്സരം. അതേസമയം നവംബര്‍ ഏഴിന് ഹൈദരാബാദുമായാണ് പഞ്ചാബിന്റെ മത്സരം.
Content Highlight: Mumbai city FC won against Punjab FC in Indian super league.