|

ഒന്നാം സ്ഥാനത്ത് തുടരണമെങ്കില്‍ മുന്‍ ചാമ്പ്യന്‍മാര്‍ കനിയണം; ബെംഗളൂരുവിന്റെ ജയത്തിനായി പ്രാര്‍ത്ഥിച്ച് ബ്ലാസ്റ്റേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്.സിയെ തോല്‍പിച്ചതോടെ മഞ്ഞപ്പടയുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമായത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുന്നത്.

ഹൈദരാബാദിനെതിരായ മത്സരത്തിന്റെ ആദ്യപകുതിയിയുടെ 42ാം മിനിറ്റില്‍ ആല്‍വെരോ വാസ്‌കസ് നേടിയ ഒറ്റഗോളിന്റെ ബലത്തിലാണ് കൊമ്പന്‍മാര്‍ ജയിച്ചു കയറിയത്. ഇതോടെ 10 മത്സരങ്ങളില്‍ നിന്നും 17 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ് മഞ്ഞപ്പട.

ആദ്യ മത്സരം തോറ്റു തുടങ്ങിയെങ്കിലും തുടര്‍ന്നുള്ള ഒമ്പത് മത്സരങ്ങളില്‍ കൊമ്പന്‍മാര്‍ക്ക് തോല്‍വിയുടെ കയ്പുനീര്‍ കുടിക്കേണ്ടി വന്നിട്ടില്ല.

Kerala Blasters' Alvaro Vasquez has the best shooting accuracy in the league - Can Nawaz stop him from scoring? | Goal.com

എന്നാല്‍, ഇന്ന് നടക്കുന്ന ചാമ്പ്യന്‍മാരുടെ മത്സരമായിരിക്കും കൊമ്പന്‍മാര്‍ ഒന്നാം സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. മുംബൈ സിറ്റി എഫ്.സിയും ബെംഗളൂരു എഫ്.സിയും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ ഛേത്രിയും സംഘവും ജയിച്ചാല്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് ഒന്നാം സ്ഥാനത്ത് തുടരാനാവൂ.

മത്സരം സമനിലയിലായാലും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവും. അതുകൊണ്ടുതന്നെ ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ വിജയത്തിന് വേണ്ടിയാവും മഞ്ഞപ്പട പ്രാര്‍ത്ഥിക്കുന്നത്.

എന്നാല്‍, പ്രതീക്ഷയ്‌ക്കൊത്ത ഫോമിലേക്കുയരാന്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്കായിട്ടില്ല. സീസണിന്റെ രണ്ടാം പകുതിയില്‍ എങ്കിലും ഫോമിലേക്ക് മടങ്ങാനാണ് ബെംഗളൂരു ലക്ഷ്യമിടുന്നത്.

മുമ്പെങ്ങുമില്ലാത്ത തരം പ്രതിസന്ധിയിലാണ് ടീം. പ്രതിരോധനിരയും ഗോള്‍കീപ്പറും വരുത്തുന്ന പിഴവുകളാണ് ടീമിന്റെ അര്‍ഹിച്ച വിജയങ്ങള്‍ തട്ടിത്തെറിപ്പിക്കുന്നത്. സുനില്‍ ഛേത്രിയുള്‍പ്പെടയുള്ള മുന്നേറ്റനിരയ്ക്കും മൂര്‍ച്ചപോരാ. സ്‌ട്രൈകര്‍ ക്ലീറ്റണ്‍ സില്‍വയിലാണ് ടീമിന്റെ പ്രതീക്ഷ.

AFC Cup 2021: Bengaluru FC name 29 man squad ahead of the AFC Cup playoffs

എന്നാല്‍ മറുവശത്ത് മികച്ച ഫോമിലാണ് ഐലാന്‍ഡേഴ്‌സ് ടൂര്‍ണമെന്റില്‍ കളം വാഴുന്നത്. മുന്നേറ്റ നിരയുടെ കരുത്ത് തന്നെയാണ് ടീമിന്റെ കരുത്ത്. ഐ.എസ്.എല്ലില്‍ ഇതുവരെ 22 ഗോളുകളടിച്ച് കൂട്ടിയ മുംബൈയുടെ മുന്നേറ്റ നിരയെ പിടിച്ചു കെട്ടാന്‍ ബെംഗളൂരു നന്നേ പാടുപെടേണ്ടി വരും.

അഹമ്മദ് ജാഹൂ, ഇഗോര്‍ അങ്കൂലോ, യിഗോര്‍ കറ്റാറ്റൗ തുടങ്ങിയ വിദേശതാരങ്ങളാണ് മുംബൈയുടെ കരുത്ത്.

തിങ്കളാഴ്ച രാത്രി ഏഴരയ്ക്ക് ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mumbai City FC vs Bengaluru FC  ISL  Kerala Blasters