| Wednesday, 20th December 2023, 10:36 pm

നാല് റെഡ് കാര്‍ഡുകള്‍, നാടകീയ സംഭവങ്ങള്‍; ബഗാനെതിരെ ജയിച്ചുകയറി മുംബൈ സിറ്റി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സിക്ക് തകര്‍പ്പന്‍ ജയം. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ പരാജയപ്പെടുത്തിയത്.

മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്‌ബോള്‍ അറീനയില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് മുംബൈ സിറ്റി എഫ്. സി കളത്തിലിറങ്ങിയത് അതേസമയം മറുഭാഗത്ത് 4-2-3-1 എന്ന ഫോര്‍മേഷനായിരുന്നു മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 13ാം മിനിട്ടില്‍ തന്നെ മുംബൈ താരം ആകാശ് മിശ്ര ചുവപ്പ് കാര്‍ഡ് കണ്ട്  പുറത്തായി. ബാക്കിയുള്ള നിമിഷങ്ങളില്‍ പത്ത് പേരുമായാണ് മുംബൈ കളിച്ചത്. ഈ അവസരം കൃത്യമായി മുതലെടുക്കാന്‍ മോഹന്‍ ബഗാന് സാധിച്ചു.

മത്സരത്തിന്റെ 25ാം മിനിട്ടില്‍ ജാസണ്‍ കമ്മിന്‍സിലൂടെയാണ് മോഹന്‍ ബഗാന്‍ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 44ാം മിനിട്ടില്‍ ഗ്രഗ് സ്റ്റിവര്‍ട്ടിലൂടെ മുംബൈ മറുപടി ഗോള്‍ നേടുകയായിരുന്നു.

ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിക്കൊണ്ട് സമനിലയില്‍ പിരിയുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. മത്സരത്തിന്റെ 54ാം മിനിട്ടില്‍ ബഗാന്‍ ആഷിഷ് റായ് ചുവപ്പ് കാര്‍ഡ് പുറത്തായി. മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം 57ാം മിനിട്ടില്‍ ലിസ്റ്റണ്‍ കോളാസോയും ചുവപ്പുകാര്‍ഡ് കണ്ടതോടെ മോഹന്‍ ബഗാന്‍ ഒമ്പത് പേരായി ചുരുങ്ങി.

ഈ അവസരം കൃത്യമായി മുതലെടുത്ത് മുംബൈ സിറ്റി 88ാം മിനിട്ടില്‍ ബിബിന്‍ സിങ്ങിലൂടെ രണ്ടാം ഗോൾ നേടി. എന്നാല്‍ 88ാം മിനിട്ടില്‍ മുംബൈയുടെ ആദ്യ ഗ്രഗ് സ്റ്റീവാര്‍ട്ട് ചുവപ്പ് കാര്‍ഡ് കണ്ടു. ഇതോടെ മുംബൈയും ഒമ്പത് പേരായി ചുരുങ്ങുകയായിരുന്നു. സമനില ഗോളിനായി മോഹന്‍ ബഗാന്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും മുംബൈ പ്രതിരോധം പാറ പോലെ ഉറച്ചു നില്‍ക്കുകയായിരുന്നു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 2-1ന് സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു മുംബൈ സിറ്റി.

FT: MCFC 2⃣-1⃣ MBSG

𝐀 𝐓𝐇𝐑𝐈𝐋𝐋𝐄𝐑 𝐅𝐎𝐑 𝐓𝐇𝐄 𝐀𝐆𝐄𝐒! 😮‍💨

A first win under Petr Kratky for #TheIslanders in an MFA classic we’ll remember for a long long time 💥#MCFCMBSG#ISL10#MumbaiCity#AamchiCity 🔵 pic.twitter.com/rH5OyInMue

— Mumbai City FC (@MumbaiCityFC) December 20, 2023

ജയത്തോടെ പോയിന്റ് ടേബിളില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ചു വിജയവും നാല് സമനിലയും അടക്കം 19 പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ.

തോറ്റെങ്കിലും എട്ട് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും ഒരു സമനിലയും ഒരു തോല്‍വിയും അടക്കം 19 പോയിന്റുമായി മോഹന്‍ ബഗാന്‍ മൂന്നാം സ്ഥാനത്തുണ്ട്. മുംബൈ സിറ്റിക്ക് മോഹന്‍ ബഗാനുമായി അഞ്ചു ഗോളുകളുടെ വ്യത്യാസമാണുള്ളത്.

ഡിസംബര്‍ 24ന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. കേരളത്തിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അതേസമയം ഡിസംബര്‍ 23ന് ഗോവക്കെതിരെയാണ് മോഹന്‍ ബഗാന്റെ അടുത്ത മത്സരം. മോഹന്‍ ബഗാന്റെ തട്ടകമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയമാണ് വേദി.

Content Highlight: Mumbai city FC beat Mohun Bagan fc in ISL.

We use cookies to give you the best possible experience. Learn more