| Thursday, 25th April 2024, 9:17 am

ഇങ്ങനെയൊരു കളി ചരിത്രത്തിലാദ്യം; ഗോവയെ തരിപ്പണമാക്കിയ മുംബൈക്ക്‌ ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സെമിഫൈനലിന്റെ ആദ്യപാദത്തില്‍ മുംബൈ സിറ്റിക്ക് ആവേശകരമായ വിജയം. എഫ് സി ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മുംബൈ ജയിച്ചു കയറിയത്.

ഈ തകർപ്പൻ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് മുംബൈ സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിൽ ഏഴ് മിനിട്ടുകളിൽ മൂന്ന് ഗോളടിച്ചു വിജയിക്കുന്ന ഐ. എസ്.എൽഎല്ലിലെ ആദ്യ ടീമെന്ന നേട്ടമാണ് മുംബൈയുടെ പേരിൽ കുറിക്കപ്പെട്ടത്.

മത്സരത്തിന്റെ നിശ്ചിത സമയത്തിനുള്ളില്‍ രണ്ടു ഗോളുകള്‍ക്ക് പിറകില്‍ നിന്നും മുംബൈ ഇഞ്ചുറി ടൈമില്‍ മൂന്ന് ഗോളുകള്‍ അടിച്ചുകൊണ്ട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു.

ഗോവയുടെ തട്ടകമായ പട്ടോര്‍ഡാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു ഗോവ അണിനിരന്നത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയും ആയിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 16ാം മിനിട്ടില്‍ ബോറിസ് സിങ് തങ്ജാമിലൂടെയാണ് ഗോവ ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്ന ഗോവ രണ്ടാം പകുതിയില്‍ 56ാം മിനിട്ടില്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിലൂടെ രണ്ടാം ഗോളും നേടി.

മത്സരത്തിന്റെ നിശ്ചിത സമയത്ത് വരെ വിജയം കൈപ്പിടിയിലാക്കിയ ഉറപ്പിച്ച ഗോവയെ ഇഞ്ചുറി ടൈമില്‍ മുംബൈ ഞെട്ടിക്കുകയായിരുന്നു. മൂന്നു ഗോളുകളാണ് മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ മുംബൈ താരങ്ങള്‍ ഗോവയുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്. ലാലിയന്‍ സുവാല ചാങ്‌തെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ വിക്രം പ്രതാപ് സിങ്ങിന്റെ വകയായിരുന്നു ശേഷിക്കുന്ന ഒരു ഗോള്‍.

ഗോവയുടെ പ്രതിരോധത്തെ കീറിമുറിമുറിച്ചുകൊണ്ടുള്ള പാസില്‍ നിന്നും ഗോള്‍കീപ്പറെ മറികടന്നുക്കൊണ്ട് ചാങ്‌തെ ആദ്യ ഗോള്‍ നേടി. പെനാല്‍ട്ടി ബോക്‌സിനു പുറത്തുനിന്നും തൊടുത്തുവിട്ട ഷോട്ട് ഗോവയുടെ ഗോള്‍കീപ്പര്‍ കയ്യില്‍ തട്ടി ഒരു റീബൗണ്ട് ലഭിക്കുകയായിരുന്നു. ഗോവയുടെ ബോക്‌സിനുള്ളില്‍ തക്കംപാര്‍ത്തുനിന്ന വിക്രം പ്രതാപ് മുംബൈയ്ക്കായി സമനിലഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ലാലിയന്‍സുവാല മുംബൈക്ക് ത്രില്ലര്‍ വിജയം സമ്മാനിക്കുകയായിരുന്നു.

ഏപ്രില്‍ 29നാണ് സെമിഫൈനലിന്റെ രണ്ടാം പാദം നടക്കുന്നത്. മുംബൈയുടെ തട്ടകമായ മുംബൈ ഫുട്‌ബോള്‍ അറീനയിലാണ് മത്സരം നടക്കുക.

Content Highlight: Mumbai City beat FC Goa in ISL

We use cookies to give you the best possible experience. Learn more