ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ടും ട്രൗസറും; മുസ്‌ലീം വിദ്യാര്‍ത്ഥിനികള്‍ ഹിജാബും ബുര്‍ഖയും ധരിക്കരുത്; സര്‍ക്കുലറുമായി മുംബൈ ചെമ്പൂര്‍ കോളേജ്
India
ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ടും ട്രൗസറും; മുസ്‌ലീം വിദ്യാര്‍ത്ഥിനികള്‍ ഹിജാബും ബുര്‍ഖയും ധരിക്കരുത്; സര്‍ക്കുലറുമായി മുംബൈ ചെമ്പൂര്‍ കോളേജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2024, 1:03 pm

മുംബൈ: മുംബയിലെ ചെമ്പൂർ ആചാര്യ മറാത്തെ കോളേജിൽ മുസ്‌ലിം പെൺകുട്ടികൾ ഹിജാബും ബുർഖയും ധരിക്കുന്നതിന് വിലക്ക്. ഈ മാസം ആദ്യമാണ് കോളേജ് അധികൃതർ വിദ്യാർത്ഥികൾക്കായി പുതിയ ഡ്രസ്സ് കോഡ് അവതരിപ്പിച്ചത്. ഇതിൽ മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് അവരുടെ മതപരമായ വസ്ത്രം ധരിക്കുന്നതിൽ വിലക്കുണ്ട്. ഹിജാബോ, ബുർഖയോ , മുഖം മറക്കുന്ന ആവരണങ്ങളോ ധരിക്കാൻ പാടില്ലെന്ന് ഡ്രസ്സ് കോഡിൽ എടുത്ത് പറയുന്നുണ്ട്.

ഇതിൽ എതിർപ്പ് അറിയിച്ച് 30 വിദ്യാർത്ഥിനികൾ മാനേജ്‌മെന്റിന് കത്തയച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. കോളേജ് തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിഗ്രി വിദ്യാർത്ഥിനികൾ പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ആൺകുട്ടികളുടെ യൂണിഫോം ഷർട്ടും ട്രൗസറും, പെൺകുട്ടികളുടെ യൂണിഫോം സൽവാറും കമ്മീസും ജാക്കറ്റുമായി മാറ്റിയിരുന്നു. തുടർന്ന് ഹിജാബും ബുർഖയും ധരിച്ചെത്തിയ കോളേജ് വിദ്യാർത്ഥികളെ കാമ്പസിലേക്ക് പ്രവേശിക്കുന്നത് കോളേജ് അധികൃതർ തടഞ്ഞിരുന്നു.

വിദ്യാർത്ഥികളുടെ പ്രതിഷേധത്തെത്തുടർന്ന് അധികൃതർ അവരെ കോളേജ് പരിസരത്തേക്ക് കടക്കാൻ അനുവദിച്ചെങ്കിലും ക്ലാസ് മുറികളിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ നിഖാബ് നീക്കാൻ ആവശ്യപ്പെട്ടു. ഈ നടപടി നിരവധി മുസ്‌ലിം പെൺകുട്ടികൾ കോളേജ് വിടുന്നതിന് കാരണമായി.

ജൂൺ മുതൽ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾ ‘ഔപചാരികവും മാന്യവുമായ’ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്നാണ് പുതിയ ഉത്തരവ്. കോളേജ് ജീവനക്കാർ വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നൽകിയ പുതിയ നിർദ്ദേശങ്ങളിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ആൺകുട്ടികൾ ഫുൾ അല്ലെങ്കിൽ ഹാഫ് ഷർട്ടും ട്രൗസറും ധരിക്കണമെന്നും പെൺകുട്ടികളോട് കോളേജ് നിർദേശിക്കുന്ന ഔപചാരിക വസ്ത്രമായ സൽവാർ കമ്മീസും ജാക്കറ്റും ധരിക്കണമെന്നും കോളേജ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതോടൊപ്പം ബുർഖ, ഹിജാബ്, അല്ലെങ്കിൽ ബാഡ്ജ്, തൊപ്പി, തുടങ്ങിയ മതം വെളിവാക്കുന്ന ഏതെങ്കിലും വസ്ത്രം ധരിച്ച് വിദ്യാർത്ഥികളെ കോളേജിൽ പ്രവേശിപ്പിക്കില്ലെന്ന് നിർദ്ദേശത്തിൽ പറയുന്നു. എന്നാൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ആഴ്ചയിൽ ഒരിക്കൽ മാത്രം ഡ്രസ് കോഡിൽ ഇളവ് ലഭിക്കും.

ഇതിനു മുൻപ് മുംബൈയിൽ തന്നെയുള്ള ജൂനിയർ കോളേജിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയിരുന്നു. അതിനു പിന്നാലെയാണ് ആചാര്യ മറാത്തെ കോളേജിലും ഹിജാബ് നിരോധനം നടത്തുന്നത്.

 

 

Content Highlight: Mumbai Chembur College Now Bans Hijab For Degree Students