ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബു ഹംസ നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ മാതാവ് രിഹാന ബീഗം. തന്റെ മകന് മേല്‍ എല്ലാവരും കുറ്റം ചുമത്തുകയാണെന്നും അവന് കേസുമായി ഒരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു. ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേനത്തിലാണ് രിഹാന ബീഗം ഇക്കാര്യം ഉന്നയിച്ചത്.
“”എന്റെ മകന്‍ നിരപാരധിയാണ്. അവര്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിന് മുന്‍പേ തന്നെ അവനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അവനെ ഡി.എന്‍.എ ടെസ്റ്റിന് പോലും വിധേയനാക്കിയിട്ടില്ല””.-അവര്‍ പറഞ്ഞു.
ലഷ്‌കറെ തോയിബ പ്രവര്‍ത്തകനായ അബു ഹംസ എന്ന സയ്ദ് സബിയുദ്ദീന്‍ അന്‍സാരിയെ കഴിഞ്ഞ 25 ാം തിയ്യതിയാണ് ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടുന്നത്. അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ മുംബൈ ആക്രമണം നടത്തുമ്പോള്‍ അബു ഹംസ ഉള്‍പ്പെടെ ആറു പേര്‍ കറാച്ചിയിലെ സങ്കേതത്തിലിരുന്ന് നിര്‍ദ്ദേശം നല്‍കിയെന്നാണ് അബുവിന് മേലുള്ള കുറ്റം.
തീവ്രവാദി ആക്രമണത്തിനിടെ അക്രമികള്‍ നടത്തിയ സംഭാഷണത്തില്‍ കടന്നുവന്ന അജ്ഞാത ശബ്ദത്തിന്റെ ഉടമ അബു ഹംസയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചിക്കാഗോയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്തപ്പോള്‍ അബു ഹംസയുടെ പങ്ക് പുറത്തുവന്നിരുന്നു. അജ്മല്‍ കസബ് നല്‍കിയ മൊഴിയിലും അബു ജിന്‍ഡാല്‍ എന്നയാളുടെ പങ്ക് വ്യക്തമാക്കിയിരുന്നു. അബു ജിന്‍ഡാല്‍ എന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നുണ്ട്.
മുംബൈ ആക്രമണത്തിനായി 10 തീവ്രവാദികളെ ഹിന്ദി പഠിപ്പിച്ചതും ഇയാളാണെന്ന് സൂചനയുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ പെടുന്ന ജോറായി സ്വദേശിയായ അബു ഹംസ പാകിസ്താനിലെത്തിയാണ് തീവ്രവാദ സംഘത്തില്‍ ചേര്‍ന്നത്.
ഇയാള്‍ക്കെതിരെ ഇന്ത്യ നേരത്തെ ഇന്റര്‍പോള്‍ വഴി റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ആയുധങ്ങള്‍ കൈവശം വയ്ക്കല്‍, സ്‌ഫോടനങ്ങള്‍ നടത്തുക, തീവ്രവാദം തുടങ്ങിയ കേസുകളിലാണ് ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നത്. ബീഡിലെ ഇന്ത്യന്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥിയായിരുന്ന ഇയാള്‍ 2005ലാണ് നാട്ടില്‍ നിന്ന് അപ്രത്യക്ഷനായത്.