മുംബൈ: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഉടന്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. നിഷ്പക്ഷമായ അന്വേഷണം നടക്കാന്‍ ഫ്രാങ്കോ മുളക്കല്‍ മാറിനില്‍ക്കണമെന്നും മുംബൈ അതിരൂപത ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കന്യാസ്ത്രീകളുടെ സമരം അംഗീകരിക്കാനാവില്ലെന്ന് കേരള കത്തോലിക് ബിഷപ് കൗണ്‍സില്‍ (കെ.സി.ബി.സി) അറിയിച്ചു. കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി നടത്തുന്ന സമരം അംഗീകരിക്കാനാവില്ലെന്ന് കെ.സി.ബി.സി അറിയിച്ചു. സമരം അതിരു കടന്നെന്നും കത്തോലിക്കാ സഭയേയും ബിഷപ്പുമാരേയും അപമാനിക്കാനാണ് ശ്രമമെന്നും കെ.സി.ബി.സി പറഞ്ഞു.
അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ പരാതി മുക്കിയത് മദര്‍ ജനറാള്‍ ആയിരുന്നെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ വെളിപ്പെടുത്തി. പരാതി കിട്ടിയില്ലെന്ന് ഇപ്പോള്‍ പറയുന്ന അവര്‍, അന്ന് പരാതിക്ക് നല്‍കിയ മറുപടി തെളിവായുണ്ടെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിനോട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയക്കുമെന്ന് ഐ.ജി വിജയ് സാക്കറെ അറിയിച്ചിട്ടുണ്ട്. 19നാണ് ഹാജരാകേണ്ടത്. സി.ആര്‍.പി.സി 41 A പ്രകാരമാണ് നോട്ടീസയച്ചിരിക്കുന്നത്. മൊഴി തൃപ്തികരമല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന വകുപ്പാണിത്. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യുക.