മുംബൈ: കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ‘കര്‍ണാടക അധിനിവേശ മഹാരാഷ്ട്ര’യിലെ പ്രദേശങ്ങളെ കേന്ദ്ര ഭരണപ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പിന്നാലെ മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് കര്‍ണാടക മന്ത്രി ജെ. മധു സ്വാമി (J Madhu Swamy) പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനയെ ശക്തമായി അപലപിച്ചുകൊണ്ടും ഇതിന് മറുപടിയുമായും രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.
മുംബൈ മഹാരാഷ്ട്രക്ക് അവകാശപ്പെട്ടതാണെന്നും അല്ലാതെ ആരുടെ അച്ഛന്റെ വകയല്ലെന്നുമാണ് മധു സ്വാമിക്ക് മറുപടിയെന്നോണം ഫഡ്‌നാവിസ് പറഞ്ഞത്. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിനും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തെഴുതുമെന്നും നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
”മുംബൈ മഹാരാഷ്ട്രയുടേതാണ്, അല്ലാതെ ആരുടേയും പിതാവിന്റെ വകയല്ല. മുംബൈക്ക് മേല്‍ ആരെങ്കിലും അവകാശവാദം ഉന്നയിക്കുന്നത് ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല.
കര്‍ണാടക സര്‍ക്കാരിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മുമ്പാകെ ഞങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കും,” ഫഡ്നാവിസ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നവര്‍ക്ക് താക്കീത് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക നിയമസഭയില്‍ വെച്ചായിരുന്നു ബി.ജെ.പി സര്‍ക്കാരിലെ മന്ത്രി ജെ. മധു സ്വാമി പ്രസ്തുത പ്രസ്താവന നടത്തിയത്.
”കര്‍ണാടകയിലെ ബെലഗാവിയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് അവര്‍ (മഹാരാഷ്ട്ര നേതാക്കള്‍) ഒരു തീരുമാനമെടുത്തുവെന്ന് പറയപ്പെടുന്നു. ഇത്തരത്തില്‍ കേന്ദ്രഭരണ പ്രദേശങ്ങളാക്കാന്‍ കഴിയുന്ന രണ്ടുമൂന്ന് നഗരങ്ങള്‍ രാജ്യത്തുണ്ടെന്ന് ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുന്നു.
ആ ലിസ്റ്റില്‍ ഏറ്റവുമാദ്യം നില്‍ക്കുന്നത് മുംബൈയാണ്. മുംബൈ അല്ലെങ്കില്‍ ബോംബെ പ്രസിഡന്‍സിയായിരുന്നപ്പോള്‍ ഇതൊരു കേന്ദ്രഭരണ പ്രദേശം പോലെ തന്നെയായിരുന്നു.
അവിടത്തെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ നന്മയാണ് വേണ്ടതെങ്കില്‍, ബോംബെയെ കേന്ദ്രഭരണ പ്രദേശമാക്കുമെന്ന് പ്രഖ്യാപിക്കുക,” എന്നായിരുന്നു കര്‍ണാടക മന്ത്രി പറഞ്ഞത്.
ഇതിനിടെ ‘ഞങ്ങള്‍ ഞങ്ങളുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല,’ എന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പരാമര്‍ശം നടത്തിയിരുന്നു.
നിലവില്‍ കര്‍ണാടകക്കും മഹാരാഷ്ട്രക്കുമിടയിലുള്ള അതിര്‍ത്തി തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
മഹാരാഷ്ട്ര- കര്‍ണാടക അതിര്‍ത്തി തര്‍ക്കം
1960 മെയ് ഒന്നിന് മഹാരാഷ്ട്ര സംസ്ഥാനം സ്ഥാപിതമായത് മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെലഗാവി ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മറാത്തി സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളാണ് ബെലഗാവിയില്‍ 70 ശതമാനത്തോളം വരുന്നത്. ബെല്‍ഗാം, കര്‍വാര്‍ ബിദാര്‍, നിപാനി, ഭാല്‍കി തുടങ്ങീ മറാത്തി ഭാഷ സംസാരിക്കുന്ന 865 ഗ്രാമങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് അന്നുമുതല്‍ മഹാരാഷ്ട്ര ആവശ്യപ്പെടുന്നുണ്ട്.
കന്നഡ ഭാഷ സംസാരിക്കുന്നവര്‍ അധിവസിക്കുന്ന മഹാരാഷ്ട്രയിലെ 260 ഗ്രാമങ്ങള്‍ കര്‍ണാടകക്ക് നല്‍കാമെന്നും അന്ന് മഹാരാഷ്ട്ര പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെ തുടക്കം മുതല്‍ കര്‍ണാടക എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ ഇരു സംസ്ഥാനങ്ങളും തര്‍ക്കവിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രശ്നപരിഹാരത്തിനായി ചില കമ്മിറ്റികള്‍ രൂപീകരിക്കുകയും മറ്റും ചെയ്തിരുന്നെങ്കിലും അതിര്‍ത്തി തര്‍ക്കം തുടര്‍ന്നു. 2022 നവംബറില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്.
തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിലെ നാല്‍പതോളം ഗ്രാമങ്ങള്‍ക്ക് മേല്‍ അവകാശമുന്നയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ രംഗത്തെത്തിയതോടെയാണ് വിഷയം ചൂടേറിയ രാഷ്ട്രീയചര്‍ച്ചകളിലേക്ക് വഴിവെച്ചതും സുപ്രീംകോടതിയിലെത്തിയതും.
Content Highlight: Mumbai belongs to Maharashtra, not to anyone’s Father, Devendra Fadnavis’ reply to Karnataka’s BJP minister