| Saturday, 11th April 2020, 12:05 am

നിയന്ത്രിക്കാന്‍ കഴിയുന്നില്ല; രാജ്യത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടായി മുംബൈ; ധാരാവിയില്‍ സമൂഹവ്യാപനമെന്ന് ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് വ്യാപനത്തില്‍ രാജ്യത്തിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ് മുംബൈ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 132 പുതിയ കേസുകളാണ് മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധയാണ് ദിവസങ്ങള്‍ക്കുള്ളില്‍ മുംബൈയില്‍ ഉണ്ടായിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരില്‍ 64 ശതമാനവും മുംബൈയിലാണ്. വെള്ളിയാഴ്ചയിലെ ഔദ്യോഗിക കണക്കുപ്രകാരം 1,574 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വ്യാപനം ഉയര്‍ന്നതോടെ മുംബൈയില്‍ പ്രതിരോധ പ്രവര്‍ത്തനവും ശക്തമാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. അതോടൊപ്പം ധാരാവിയില്‍ സമൂഹ വ്യാപനത്തിലേക്ക് കടന്നോ എന്ന ആശങ്കയും ഉയരുന്നുണ്ട്. മൂന്ന് പേരാണ് ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. എഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ഇവിടെ സമൂഹവ്യാപനമുണ്ടായാല്‍ എങ്ങനെ നിയന്ത്രിക്കും എന്നത് വലിയ ചോദ്യമാണ്.

സംസ്ഥാനത്ത് ലോക്ഡൗണ്‍ ലംഘനവും കൂടുതലാണ്. വെള്ളിയാഴ്ച 1930 പേരെയാണ് ലോക്ഡൗണ്‍ ലംഘിച്ചതില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇതുവരെ 33,096 പേരെയാണ് സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. അതില്‍ 1574 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more