അജ്മല്‍ കസബ് രാഷ്ട്രപതിയ്ക്ക് ദയാഹരജി നല്‍കി
India
അജ്മല്‍ കസബ് രാഷ്ട്രപതിയ്ക്ക് ദയാഹരജി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th September 2012, 12:00 pm

മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാനപ്രതി അജ്മല്‍ കസബ് വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് ദയാഹരജി നല്‍കി.

വിചാരണക്കോടതിയാണ് പാക് പൗരനായ കസബിന് വധശിക്ഷ നല്‍കിയത്. ഇത് പിന്നീട് മുംബൈ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. തുടര്‍ന്നാണ് കസബ് രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചിരിക്കുന്നത്.[]

ശിക്ഷ ഇളവ് ചെയ്യണമെന്ന കസബിന്റെ ഇതേ ആവശ്യം നേരത്തെ സുപ്രീം കോടതി നിരസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ബോംബെ ഹൈക്കോടതിയും കസബിന്റെ വധശിക്ഷ ഇളവ് ചെയ്യണമെന്ന ഹര്‍ജി തള്ളിയിരുന്നു.

2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ കസബിന്റെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് പ്രത്യേക കോടതി കസബിന് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി മുംബൈ ഹൈക്കോടതി ശരിവെച്ചു. തുടര്‍ന്നാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കസബ് സുപ്രീം കോടതിയെ സമീപിച്ചത്. ഫിബ്രവരി 14 നാണ് കസബ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

തന്റെ പ്രായം കണക്കിലെടുത്ത് വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു കസബിന്റെ ആവശ്യം. രാജ്യത്തിനെതിരെ കസബ് യുദ്ധപ്രഖ്യാപനം നടത്തിയെന്നും പാകിസ്ഥാനില്‍ നടത്തിയ ഗൂഢാലോചന കസബും കൂട്ടരും ഇന്ത്യയില്‍ നടപ്പിലാക്കുകയായിരുന്നുവെന്നും കോടതി പറഞ്ഞു.

24 കാരനായ കസബിന് താന്‍ എന്താണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ പ്രായം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിന് ന്യായമില്ല.  നീതിയുക്തമായ വിചാരണയ്ക്ക് അവസരം ലഭിച്ചില്ലെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

160 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഏകപ്രതിയാണ് അജ്മല്‍. 2010 മെയ് 6നാണ് കസബിന് വിചാരണക്കോടതി വധശിക്ഷ വിധിക്കുന്നത്.