| Monday, 20th April 2020, 12:23 pm

മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 21 പേര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്. 21 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്.

160 ല്‍ അധികം മാധ്യമപ്രവര്‍ത്തകരെ കൊവിഡ് പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം വിധേയരാക്കിയിരുന്നു. ഇവരുടെ പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും ഉള്‍പ്പെടും. നേരത്തെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ച 21 പേരും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണ്. അതിനാല്‍ തന്നെ വീട്ടിലുള്ള ആളുകള്‍ക്കും രോഗം പകരാനുള്ള സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു മുംബൈ പ്രസ് ക്ലബ് മാധ്യമപ്രവര്‍ത്തകര്‍ക്കായി കൊവിഡ് പരിശോധന നടത്തിയത്. വര്‍ക്ക് ഫ്രം ഹോം എടുക്കുന്നതിന് മുന്‍പ് ഈ മാധ്യമ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പോകുകയും പല മാധ്യമ പ്രവര്‍ത്തകരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ നിരവധി പേരെ നിരീക്ഷണത്തില്‍ ആക്കേണ്ടതായുണ്ട്.

3000 ത്തോളം പേര്‍ക്ക് നഗരത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം രോഗം പകരുന്നത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

നേരത്തെ രോഗം സ്ഥിരീകരിച്ച അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ ഒരേ മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു. എന്നാല്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 21 മാധ്യമ പ്രവര്‍ത്തകരും വ്യത്യസ്ത മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.

അതിനിടെ ചെന്നൈയില്‍ ഒരു മാധ്യമപ്രവര്‍ത്തകന് കൂടി രോഗം സ്ഥിരീകരിച്ചു. നേരത്തെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവിടെ കൊവിഡ് ബാധിച്ചിരുന്നു. ഇവിടെ റാപ്പിഡ് ടെസ്റ്റ് നടത്താനാണ് നിര്‍ദേശം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more