ന്യൂദല്‍ഹി: മദ്യപാനവും പുകവലിയും ശീലമാണെങ്കിലും മയക്കുമരുന്ന് താന്‍ ഉപയോഗിക്കാറില്ലെന്ന് ഐറ്റം ഡാന്‍സര്‍ മുമൈത്ത് ഖാന്‍.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പിലാണ് മുമൈത്ത് ഖാന്‍ ഈ മൊഴി നല്‍കിയത്.
മദ്യപാനവും പുകവലിയും ശീലമാണെങ്കിലും ലഹരിമരുന്ന് ഉപയോഗിക്കാറില്ലെന്ന് മുമൈത്ത് ഖാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടുതല്‍ പരിശോധനക്കായി രക്തം, നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ നല്‍കാന്‍ തയ്യാറെന്നും മുമൈത്ത് ഖാന്‍ വ്യക്തമാക്കി.
ബിഗ് ബോസ് തെലുങ്കിന്റെ സെറ്റിലായിരിക്കുമ്പോഴാണ് മുമൈത്ത് ഖാന് നോട്ടീസ് ലഭിക്കുന്നത്. തുടര്‍ന്ന് ഷോയില്‍നിന്ന് പുറത്ത് വന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാവുകയായിരുന്നു.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമയില്‍ നിന്നും ചോദ്യം ചെയ്യപ്പെടുന്ന എട്ടാമത്തെ പ്രമുഖ വ്യക്തിയാണ് മുമൈത്ത് ഖാന്‍.
ആഗതന്‍ എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച നടി ചാര്‍മി കൗര്‍, നിര്‍മാതാവ് പുരി ജഗന്നാഥ്, ക്യാമറാമാന്‍ ശ്യാം കെ.നായിഡു, നടന്‍മാരായ പി. സുബ്ബരാജു, തരുണ്‍കുമാര്‍, പി.നവദീപ്, കലാസംവിധായകന്‍ ധര്‍മറാവു എന്നിവരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ചാര്‍മിയുടെ മുടിയും നഖവും രക്തവും ബലംപ്രയോഗിച്ചു പരിശോധനയ്‌ക്കെടുക്കരുതെന്നു കോടതി നിര്‍ദേശിച്ചതിനാല്‍ തെളിവുകള്‍ ശേഖരിച്ചിരുന്നില്ല.
ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 15 തെലുങ്ക് സിനിമാ താരങ്ങള്‍ക്കെതിരെയാണ് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പോലീസിന്റെ പിടിയിലായ ഒരാളില്‍നിന്നാണ് തെലുങ്കിലെ താരങ്ങള്‍ക്കും മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകള്‍ ഇയാളുടെ മൊബൈലില്‍നിന്നും എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചത്.