'ഇ.വി.എം കടകളിലും കാറുകളിലും'; വ്യാപക അട്ടിമറി വ്യക്തമാക്കുന്ന കൂടുതല്‍ വീഡിയോകള്‍ പുറത്ത്
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ യാതൊരു സുരക്ഷാ സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ ഒപ്പമില്ലാതെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കാറുകളില്‍ കടത്തുന്ന വീഡിയോകള്‍ പുറത്ത്.
ബൂത്തുകളില്‍ നിന്നും ഇ.വി.എം കാറുകളില്‍ കടത്തുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇതിനൊപ്പം ചില കടകളിലും മറ്റുമായി ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
യു.പിയിലെ ചന്ദൗലിയിലെ ഒരു കടയില്‍ നിന്നും ഇ.വി.എമ്മുകളും വി.വിപാറ്റ് മെഷീനുകളും ഒരു സംഘം ആളുകള്‍ കാറിലേക്ക് കടത്തുന്നതാണ് ഒരു വീഡിയോ.
മറ്റൊരു വീഡിയോ പഞ്ചാബില്‍ നിന്നും ആം ആദ്മി പ്രവര്‍ത്തക പകര്‍ത്തിയതാണ്. കാറില്‍ സൂക്ഷിച്ചിരിക്കുന്ന ഇ.വി.എം മെഷീനുകളാണ് വീഡിയോയില്‍ കാണുന്നത്. പിന്നില്‍ ബി.ജെ.പിയാണെന്നും യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാതെ ഇ.വി.എം എവിടേക്കാണ് കടത്തിക്കൊണ്ടുപോകുന്നതെന്നും ഇവര്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. എസ്.ഡി വിദ്യാമന്തിര്‍ സ്‌ട്രോങ് റൂമില്‍ നിന്നാണ് ബി.ജെ.പി പ്രവര്‍ത്തര്‍ കാറില്‍ ഇ.വി.എം കടത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എം അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നതിനിടെ അവസാനഘട്ട പോളിങ് കഴിഞ്ഞതിന് ശേഷവും സുരക്ഷയില്ലാതെ യു.പിയിലും ബീഹാറിലുമെല്ലാം ഇ.വി.എമ്മുകള്‍ സ്ട്രോങ് റൂമില്‍ എത്തിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു.
ബീഹാറിലെ മഹാരാജ്ഗഞ്ച്, സാരണ്‍ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകളുമായി എത്തിയ വാഹനങ്ങള്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു.
ഇവിടേക്ക് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇവി.എമ്മുകള്‍ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബി.ഡി.ഒയ്ക്ക് സാധിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ചന്ദൗളിയില്‍ ഇവി.എം നിറച്ച് വന്ന ട്രക്ക് പിടികൂടിയത് പ്രതിഷേധത്തിന് കാരണമായി. പുറത്ത് വരുന്ന വീഡിയോകള്‍ പ്രകാരം സ്റ്റോറേജ് യൂണിറ്റുകളിലേക്ക് ഇ.വി.എമ്മുകള്‍ എത്തിക്കുന്നതായാണ് കാണിക്കുന്നത്.
ഹരിയാനയിലെ ഫത്തേഹ്ബാദില്‍ സ്ട്രോങ്റൂമുകളിലേക്ക് ഇ.വി.എം നിറച്ച ട്രക്കുകള്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരും പങ്ക് വെച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ എസ്.പി-ബി.എസ്.പി സംയുക്ത സ്ഥാനാര്‍ത്ഥിയായ അഫ്സല്‍ അന്‍സാരി സ്ട്രോങ് റൂമിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. വാഹനങ്ങളില്‍ ഇ.വി.എം പുറത്തേക്ക് കടത്തിയെന്ന് പറഞ്ഞാണ് സ്ഥാനാര്‍ത്ഥി ധര്‍ണ്ണയിരുന്നത്.
സ്ഥാനാര്‍ത്ഥികളെ അറിയിക്കാതെ യു.പിയിലെ തന്നെ ഝാന്‍സിയിലും ഇ.വി.എമ്മുകള്‍ മാറ്റിയതായി ആരോപിക്കുന്ന ദൃശ്യങ്ങള്‍ വന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം വോട്ടെണ്ണല്‍ കഴിയുന്നത് വരെ ഇ.വി.എമ്മുകള്‍ക്ക് എല്ലാ സമയവും പൊലീസ് സുരക്ഷ വേണമെന്നും സ്ട്രോങ് റൂമുകളിലേക്കും പുറത്തേക്കും ഇവ മാറ്റുന്നത് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാവണമെന്നുമാണ്.
പോളിങിന് ഉപയോഗിച്ച ഇ.വി.എമ്മുകള്‍ എത്തിക്കുന്ന അതേ ദിവസം തന്നെ റിസര്‍വ് ഇ.വി.എമ്മുകളും എത്തിക്കണമെന്നും ഇവ രണ്ടും പ്രത്യേക സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശമുണ്ട്.