| Sunday, 15th December 2019, 8:32 am

'ഞാന്‍ ഒരു മുസ്‌ലിമാണ്, ഞാന്‍ ഈ ബില്ലിനെ പിന്തുണയ്ക്കുന്നു'; ട്വിറ്ററിലെ പ്രചരണങ്ങളുടെ സത്യാവസ്ഥ ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘ഞാന്‍ ഒരു മുസ്‌ലിമാണ്, ഞാന്‍ ഈ ബില്ലിനെ പിന്തുണയ്ക്കുന്നു’, കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു ട്വീറ്റായിരുന്നു ഇത്. എന്നാല്‍ ഇത്തരത്തില്‍ വന്ന ട്വീറ്റുകള്‍ എല്ലാം ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ മാറ്റം വരുത്തി എഴുതിയതാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ഞാനൊരു മുസ്‌ലിമാണെന്നും പൗരത്വ ഭേദഗതി ബില്ലിനെ താന്‍ പിന്തുണയ്ക്കുന്നെന്നും പറഞ്ഞ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ മാറ്റം വരുത്തി വലിയ രീതിയിലുള്ള വ്യാജ പ്രചരണമാണ് ചിലര്‍ നടത്തിയത്.

മുസ്‌ലിം ആണെന്ന് അവകാശപ്പെടുന്ന നിരവധി ട്വിറ്റര്‍ ഉപയോക്താക്കളാണ് സമാനമായ വാചകം പങ്കിട്ട് ട്വിറ്ററില്‍ രംഗത്തെത്തിയത്.

”ഞാന്‍ ഒരു മുസ്‌ലിമാണ്. ഞാന്‍ പൗരത്വഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു. രാജ്യത്തുടനീളം എന്റെ മുസ്‌ലിം സഹോദരന്മാര്‍ നടത്തിയ പ്രതിഷേധത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ഒന്നുകില്‍ അവര്‍ക്ക് ബില്‍ എന്താണെന്ന് മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ അത് അറിഞ്ഞുകൊണ്ട് തന്നെ അവര്‍ സര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കമായി ഉപയോഗിക്കുന്നു. ഞാന്‍ ഇതില്‍ അഭിമാനിക്കുന്നു. ജയ് ഹിന്ദ്”- എന്നായിരുന്നു ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വാചകം.

‘ദ ഗേള്‍ യു ഹേറ്റ്’, തുളസീദാസ് ഖാന്‍ എന്നിങ്ങനെയുള്ള ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്നായിരുന്നു പോസ്റ്റുകള്‍ ആ്ദ്യ ഘട്ടത്തില്‍ ട്വീറ്റ് ചെയ്തത്. പിന്നീട് നിരവധി പേര്‍ സമാന ട്വീറ്റുമായി എത്തുകയായിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചുകൊണ്ടുള്ള പ്രൊഫൈലുകളിലെ മുന്‍ ട്വീറ്റുകള്‍ പരിശോധിച്ചതിലൂടെയാണ് പല ഐഡികളും മുസ്‌ലീങ്ങളുടേതല്ലെന്ന് വ്യക്തമായതെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ഗേള്‍ യൂ ഹേറ്റ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ 2019 മാര്‍ച്ച് 10 ന് എഴുതിയ ട്വീറ്റില്‍ ‘ iam a hindu bruh (ഞാനൊരു ഹിന്ദു സഹോദരിയാണ്) എന്നാണ് കുറിച്ചിരിക്കുന്നത്. അന്ന് ട്വിറ്റര്‍ ഐഡി ആരതി പാല്‍ എന്നായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2019 ആഗസ്റ്റ് 22 ന് ഇതേ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഞാന്‍ ഹിന്ദു തന്നെയാണെന്ന് അവകാശപ്പെടുന്ന മറ്റൊരു ട്വീറ്റും ഉണ്ടായിരുന്നു. ദോഡോഗാന്ധിയെന്ന ആളുടെ ട്വീറ്റിന് നല്‍കിയ മറുപടിയിലാണ് അവര്‍ ഇത്തരത്തില്‍ കുറിച്ചത്. എന്നാല്‍ല താന്‍ മുസ്‌ലിമാണെന്നും പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്നെന്നും പറഞ്ഞുള്ള ഇവരുടെ ട്വീറ്റ് 520 തവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

‘നീച്ചെസെ ടോപ്പര്‍’ എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് താന്‍ മുസ്‌ലിമാണെന്നും പൗരത്വബില്ലിനെ പിന്തുണയ്ക്കുന്നെന്നും പറഞ്ഞ രംഗത്തെത്തിയ മറ്റൊരാള്‍. ഇതേയാള്‍ തന്നെ 2019 ആഗസ്റ്റ് 26 ന് താന്‍ ഹിന്ദുവാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മറ്റൊരു ട്വീറ്റും ചെയ്തിട്ടുണ്ട്.

2017 ആഗസ്റ്റ് ഏഴിന് ഹിന്ദുവായതിലും ഹിന്ദുക്കളുടെ ശക്തിയിലും അഭിമാനിക്കുന്നു എന്ന് ട്വിറ്ററില്‍ കുറിച്ച നമന്‍ജാ എന്നയാളാണ് താന്‍ മുസ്‌ലിമാണെന്നും ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞ് ഇന്നലെ ട്വീറ്റ് ചെയ്തത്.

”ഞാന്‍ ഒരു ഹിന്ദുവാണ്, എന്നാല്‍ ആരെയും ഹിന്ദുവെന്നോ മുസ്‌ലീം എന്നോ ക്രിസ്ത്യന്‍ എന്നോ വേര്‍തിരിച്ച് കണ്ടിട്ടില്ല.

എന്നാല്‍ ഹിന്ദുക്കളോടും ഹിന്ദുമതത്തോടും പരസ്യമായി വിദ്വേഷം പ്രകടിപ്പിക്കുന്ന ധാരാളം പേരുണ്ട്’- എന്നായിരുന്നു 2019 ഏപ്രില്‍ 16 ന് ബാഷഭായ് എന്ന ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചത്. ഇതേയാള്‍ തന്നെ ഇന്നലെ താന്‍ മുസ് ലീമാണെന്നും ബില്ലിനെ പിന്തുണയ്ക്കുന്നെന്നും പറഞ്ഞ് രംഗത്തെത്തി.

ഇത്തരത്തില്‍ നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകളാണ് ഒറ്റരാത്രി കൊണ്ട് ട്വിറ്റര്‍ ബയോയില്‍ മാറ്റം വരുത്തി മുസ്‌ലീങ്ങളായി മാറിയിരിക്കുന്നതെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2019 ഡിസംബര്‍ 11 ന് പാര്‍ലമെന്റ് പൗരത്വ ഭേദഗതി ബില്‍ (സി.എ.ബി) പാസാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ‘ഇത്തരത്തിലുള്ള പിന്തുണ പ്രഖ്യാപനം’ വരുന്നത്. പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഡിസംബര്‍ 12 നാണ് പൗരത്വ ഭേദഗതി ബില്ലിന് അനുമതി നല്‍കിയത്.

മതപരമായ കാരണങ്ങളാല്‍ ബില്‍ വിവേചനപരമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനത്ത പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ അടിച്ചമര്‍ത്തലില്‍ നിന്ന് 2014 ഡിസംബര്‍ വരെ ഇന്ത്യയില്‍ എത്തിയ മുസ്‌ലിങ്ങള്‍ള്‍ ഒഴികെയുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ഈ നിയമം.

We use cookies to give you the best possible experience. Learn more