| Thursday, 8th September 2022, 12:25 pm

കാറോടിച്ച്, ഫേസ്ബുക്ക് ലൈവില്‍ വന്ന് 19കാരന്റെ വെടിവെപ്പ്; വീട് വിട്ടിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെന്നിസി: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. മെഫിംസിലും പരിസരപ്രദേശങ്ങളിലുമായാണ് വെടിവെപ്പ് നടന്നത്.

പത്തൊമ്പതുകാരനായ എസക്കിയേല്‍ കെല്ലിയാണ് വെടിവെപ്പ് നടത്തിയത്. കാറില്‍ സഞ്ചരിച്ചുകൊണ്ട് പലരെയും വെടിവെച്ചിടുകയായിരുന്നു എസക്കിയേല്‍. ഫേസ്ബുക്കില്‍ ലൈവില്‍ വന്നുകൊണ്ടായിരുന്നു ഇയാള്‍ വെടിവെപ്പ് നടത്തിയത്.

ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെംഫിസ് പൊലീസ് വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകമാണ് എസക്കിയേല്‍ പിടിയിലായത്.

വിവിധ സ്ഥലങ്ങളില്‍ ഷൂട്ടിങ്ങ് നടത്തിയ കറുത്ത വംശജനായ ഒരാള്‍ മെംഫിസ് ഭാഗത്തേക്ക് എത്തുന്നുണ്ട്. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഈ വിവരങ്ങള്‍ മനസിലായത്. പക്ഷെ ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് കൃത്യമായി അറിയാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പൊലീസ് അറിയിച്ച നോട്ടീസിലുണ്ടായിരുന്നത്.

അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ പുറത്തേക്ക് ഇറങ്ങാവൂ എന്നും അല്ലാത്ത പക്ഷം എല്ലാവരും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ഈ അറിയിപ്പ് മെംഫിസിലെ ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. വൈകാതെ എസക്കിയേലിന്റെ ഫോട്ടോയോടൊപ്പം സഞ്ചരിക്കുന്ന കാറിന്റെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. തുടര്‍ന്നാണ് ഇയാള്‍ പിടിയിലാകുന്നത്. രണ്ട് മണിക്കൂറോളം നഗരം മുഴുവന്‍ ഭയത്തിന്റെ മുള്‍മുനയിലായിരുന്നു.

ആക്രമണത്തില്‍ എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മരണം സംഭവിച്ചിട്ടില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

സ്‌കൂളുകളിലടക്കം തുടര്‍ച്ചയായി വെടിവെപ്പുകളുണ്ടാകുന്നതും മരണങ്ങള്‍ സംഭവിക്കുന്നതും വര്‍ഷങ്ങളായി യു.എസിനെ ആശങ്കയിലാക്കുന്നുണ്ട്. തോക്ക് കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട വലിയ പ്രതിഷേധങ്ങളാണ് അമേരിക്കയില്‍ നടന്നുവരുന്നത്.

ഗണ്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സുപ്രീം കോടതി വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Content Highlight: Teen Gunman Goes Live On Facebook While Shooting

We use cookies to give you the best possible experience. Learn more