World News
പ്രകൃതി ദുരന്തങ്ങള്‍ക്ക് പിന്നാലെ അഫ്ഗാനില്‍ രോഗവ്യാപനം; ആരോഗ്യരംഗം ആശങ്കയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 10, 04:31 pm
Wednesday, 10th August 2022, 10:01 pm

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ആരോഗ്യരംഗം പ്രതിസന്ധിയില്‍. വിവിധ രോഗങ്ങള്‍ രാജ്യത്ത് പടര്‍ന്ന് പിടിക്കുകയാണ്.

അക്യൂട്ട് വാട്ടറി ഡയേറിയ (എ.ഡബ്ല്യു.ഡി), അഞ്ചാംപനി, കോംഗോ പനി, ഡെങ്കിപ്പനി, കൊവിഡ് 19 എന്നിങ്ങനെയുള്ള രോഗങ്ങള്‍ അഫ്ഗാനില്‍ പടര്‍ന്നുപിടിക്കുന്നതായി ലോകാരോഗ്യ സംഘടനയെ (ഡബ്ല്യു.എച്ച്.ഒ) ഉദ്ധരിച്ച് വിവിധമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്യൂട്ട് വാട്ടറി ഡയേറിയ (എ.ഡബ്ല്യു.ഡി) കേസുകളില്‍ രാജ്യവ്യാപകമായി ഗണ്യമായ വര്‍ധനവുണ്ടായെന്ന് ഡബ്ല്യു.എച്ച്.ഒ പറഞ്ഞതായി അഫ്ഗാനിലെ പ്രാദേശിക മാധ്യമ പോര്‍ട്ടലായ ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കാബൂള്‍, പക്തിയ, ഖോസ്ത്, പക്തിക, കാണ്ഡഹാര്‍, സാബുല്‍ എന്നീ അഫ്ഗാന്‍ പ്രവിശ്യകളിലായി ഏകദേശം 19,050ലധികം അക്യൂട്ട് വാട്ടറി ഡയേറിയ കേസുകള്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഈ പ്രവിശ്യകളില്‍ തുടര്‍ച്ചയായി അഞ്ചാംപനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിസ്ഥാനില്‍ ആകെ 64,654 അഞ്ചാംപനി കേസുകളാണ് സ്ഥിരീകരിച്ചത്.

അഫ്ഗാനിസ്ഥാന്റെ തെക്ക്, തെക്കുകിഴക്ക്, കിഴക്ക്, മധ്യ മേഖലകളിലെ 13 പ്രവിശ്യകളിലായി കോംഗോ പനി അഥവാ ക്രിമിയന്‍- കോംഗോ ഹെമറേജിക് ഫീവര്‍ (സി.സി.എച്ച്.എഫ്) പടര്‍ന്നുപിടിച്ചിട്ടുണ്ട്. കോംഗോ പനിയുടെ 229 കേസുകളും, ആറ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

2022 ജൂലൈ മാസത്തില്‍ അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ പുതിയ ഡെങ്കിപ്പനി കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതായും ഡബ്ല്യു.എച്ച്.ഒ പറയുന്നു.

പ്രകൃതി ദുരന്തങ്ങള്‍ക്കൊപ്പം മെഡിക്കല്‍ എമര്‍ജന്‍സികളും പകര്‍ച്ചവ്യാധികളും കൂടിയായതോടെ അഫ്ഗാന്‍ ലോകാരോഗ്യ സംഘടനയോട് സഹായമഭ്യര്‍ത്ഥിച്ചിരുന്നു.

നേരത്തെ ജൂണ്‍ മാസത്തില്‍ അഫ്ഗാനിലുണ്ടായ ഭൂകമ്പത്തില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ യു.എന്നിന്റെ സെന്‍ട്രല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്നും 10 മില്യണ്‍ യു.എസ് ഡോളറിന്റെ സഹായം അഫ്ഗാന് അനുവദിച്ചിരുന്നു.

Content Highlight: multiple disease outbreaks in Afghanistan, health concern rises