| Thursday, 28th December 2017, 5:13 pm

അഫ്ഗാനില്‍ ഷിയാ കേന്ദ്രത്തിനു നേരെ നടന്ന സ്‌ഫോടനപരമ്പരയില്‍ 40 പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ സ്ഫോടന പരമ്പരയില്‍ 40 ഓളം പേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ ഷിയ സാംസ്‌കാരിക കേന്ദ്രത്തില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ 30 പേര്‍ക്കു പരുക്കേല്‍ക്കുകയുമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.

ഒരു ചാവേര്‍ സ്ഫോടനവും പിന്നാലെ രണ്ട് സ്ഫോടനങ്ങളും നടന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആരെ ലക്ഷ്യമിട്ടാണ് സ്ഫോടനങ്ങളെന്ന് വ്യക്തമല്ലെങ്കിലും “അഫ്ഗാന്‍ വോയിസ് ഏജന്‍സി” പ്രതിനിധികള്‍ സ്ഥലത്തുണ്ടായിരുന്നു.

സോവിയറ്റ് യൂണിയന്‍ രാജ്യത്ത് നടത്തിയ അധിനിവേശത്തിന്റെ 38ാം വാര്‍ഷിക പരിപാടികളായിരുന്നു ഇവിടെ നടന്നുകൊണ്ടിരുന്നതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹീമി അറിയിച്ചു. പരിപാടിയില്‍ നിരവധി വിദ്യാര്‍ത്ഥികളും പങ്കാളികളായിരുന്നുവെന്ന് മന്ത്രാലയം വക്താവ് നജീബ് ഡാനീഷും അറിയിച്ചു.

തിങ്കളാഴ്ചയാണ് അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്കു മുന്നിലുണ്ടായ സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. നവംബറില്‍ അഫ്ഗാന്‍ ബ്രോഡ്കാസ്റ്റ് ഷംഷാദ് ടിവിയുടെ ഓഫീസിനു നേര്‍ക്കും ആക്രമണം നടന്നിരുന്നു. ഇതിനു പിന്നിലും ഐ.എസ് ആയിരുന്നു.

We use cookies to give you the best possible experience. Learn more