| Tuesday, 18th January 2022, 10:29 am

300ലേറെ നിരീക്ഷണ ക്യാമറകള്‍, ഫേഷ്യല്‍ റെകഗ്‌നീഷന്‍ സംവിധാനം; റിപബ്ലിക് ദിനത്തിന് മുന്നോടിയായി ദല്‍ഹിയില്‍ കനത്ത സുരക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപബ്ലിക് ദിന പരിപാടികളുടെ മുന്നോടിയായി സുരക്ഷ വര്‍ധിപ്പിച്ച് ദല്‍ഹി പൊലീസ്.

രാജ്പഥിലും സമീപപ്രദേശങ്ങളിലുമാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.

മുഖം തിരിച്ചറിയുന്ന സംവിധാനങ്ങളും (Facial Recognition) 300ല്‍ അധികം നിരീക്ഷണ ക്യാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ പൂ മാര്‍ക്കറ്റില്‍ സ്‌ഫോടനവസ്തുക്കള്‍ (ഐ.ഇ.ഡി) കണ്ടെത്തുകയും അത് പൊലീസ് നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റിപബ്ലിക് ദിന പരിപാടികളുടെ ഭാഗമായി സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

”ന്യൂദല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള പ്രദേശവാസികളെയും കുടിയേറിപ്പാര്‍ക്കുന്നവരെയും ഹോട്ടലുകളിലെ സന്ദര്‍ശകരെയും വെരിഫൈ ചെയ്യുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

അടിയന്തരമായി ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടുന്നതിനായി ഒരു ക്വിക് റിയാക്ഷന്‍ ടീമിനെ (ക്യു.ആര്‍.ടി) നിയോഗിച്ചിട്ടുണ്ട്.

സുരക്ഷാ മേഖലയിലെ വ്യോമപാതയില്‍ എന്തെങ്കിലും പറക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആന്റി-ഡ്രോണ്‍ ടീമിനെയും ഏര്‍പ്പെടുത്തും,” ദല്‍ഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് യാദവ് പ്രതികരിച്ചു.

ഫേഷ്യല്‍ റെകഗ്‌നീഷന്‍ സംവിധാനമുള്ള മുന്നൂറോളം ക്യാമറകളാണ് രാജ്പഥ് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ളത്. സംശയാസ്പദമായ 50,000ലധികം ക്രിമിനലുകളുടെ ഡാറ്റാബേസുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം സുരക്ഷാ ഭീഷണികള്‍ക്ക് പുറമെ കൊവിഡ് കേസുകളുടെ വര്‍ധനവും പൊലീസിന് പ്രധാന വെല്ലുവിളിയാണെന്ന് ദീപക് യാദവ് പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി, ഇത്തവണത്തെ റിപബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കുന്നതിന് 4000 ടിക്കറ്റുകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മൊത്തം 24,000 പേര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രവേശനാനുമതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Multi-Layer Security, Facial Recognition Systems Installed In Delhi Ahead Of Republic Day

We use cookies to give you the best possible experience. Learn more