മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ തുടര്‍ച്ചയായ നാലാം ഫൈനല്‍ ആണിത്. ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് മുള്‍ട്ടാന്‍ നായകന്‍ മുഹമ്മദ് റിസ്വാന്‍ സ്വന്തമാക്കിയത്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി നാല് തവണ ഫൈനലില്‍ എത്തുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് റിസ്വാന്‍ സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഈ നേട്ടത്തില്‍ എത്തിയിരുന്നത് മുന്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ഡാരന്‍ സമി ആയിരുന്നു. സമി പി.എസ്.എല്ലില്‍ മൂന്ന് ഫൈനലുകളിലാണ് എത്തിയത്.
കറാച്ചി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബാബറും കൂട്ടരും ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് പെഷവാര്‍ നേടിയത്.
ക്യാപ്റ്റന്‍ ബാബര്‍ അസം 42 പന്തില്‍ 46 റണ്‍സ് നേടി നിര്‍ണായകമായി. ടോം കോഹ്ലര്‍ കാട്‌മോര്‍ 24 റണ്‍സും മുഹമ്മദ് ഹാരിസ് 22 റണ്‍സും നേടി മികച്ച സംഭാവനകള്‍ നല്‍കി.
മുള്‍ട്ടാന്‍ ബൗളിങ്ങില്‍ ഉസാമ മിര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുള്‍ട്ടാന്‍ 18.3 ഓവറില്‍ ഏഴുവിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. സുല്‍ത്താന്‍സ് ബാറ്റിങ്ങില്‍ യാസിര്‍ ഖാന്‍ 37 പന്തില്‍ 54 റണ്‍സും ഉസ്മാന്‍ ഖാന്‍ 28 പന്തില്‍ പുറത്താവാതെ 36 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ മുള്‍ട്ടാന്‍ ഫൈനലിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു.