ദല്‍ഹി ക്യാപ്പിറ്റല്‍സിനേക്കാള്‍ ഗതികെട്ടവര്‍, ഷേക്‌സ്പിയറിന്റെ ദുരന്തനായകരേക്കാള്‍ നിര്‍ഭാഗ്യവാന്‍മാര്‍; രാജ്യം നഷ്ടപ്പെട്ട് സുല്‍ത്താന്‍മാര്‍
Sports News
ദല്‍ഹി ക്യാപ്പിറ്റല്‍സിനേക്കാള്‍ ഗതികെട്ടവര്‍, ഷേക്‌സ്പിയറിന്റെ ദുരന്തനായകരേക്കാള്‍ നിര്‍ഭാഗ്യവാന്‍മാര്‍; രാജ്യം നഷ്ടപ്പെട്ട് സുല്‍ത്താന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th March 2024, 9:05 am

കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ഇസ്‌ലമാബാദ് യുണൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു സുല്‍ത്താന്‍സിന്റെ പരാജയം. അവസാന പന്തില്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറി നേടി യുണൈറ്റഡ് വിജയം സ്വന്തമാക്കുകയായിരുന്നു.

ആരാധകര്‍ ഏറെ ആഗ്രഹിച്ച പി.എസ്.എല്‍ കിരീടം ഒരിക്കല്‍ക്കൂടി സുല്‍ത്താന്‍സിന്റെ കയ്യില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.

തുടര്‍ച്ചയായ നാലാം തവണയാണ് സുല്‍ത്താന്‍സ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 2021ല്‍ പെഷവാര്‍ സാല്‍മിയെ തോല്‍പിച്ച് കിരീടമുയര്‍ത്തിയ സുല്‍ത്താന്‍സ് തുടര്‍ന്ന വന്ന മൂന്ന് ഫൈനലിലും പരാജയപ്പെടുകയായിരുന്നു.

പെഷവാല്‍ സാല്‍മിയെ തോല്‍പിച്ചാണ് മുള്‍ട്ടാന്‍ തങ്ങളുടെ ആദ്യ കിരീടം നേടിയത്. 47 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ടീം നേടിയത്.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെന്ന പെരുമയുമായി 2022ല്‍ ഫൈനലില്‍ പ്രവേശിച്ച റിസ്വാനും സംഘത്തിനും പിഴച്ചു. ഷഹീന്‍ ഷാ അഫ്രിദിയുടെ ലാഹോര്‍ ഖലന്ദേഴ്‌സിനോട് 42 റണ്‍സിന് പരാജയപ്പെട്ടു.

ലാഹോര്‍ ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സുല്‍ത്താന്‍സ് 19.3 ഓവറില്‍ 138ന് ഓള്‍ ഔട്ടായി.

നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കണമെന്ന ഉദ്ദേശത്തോടെ 2023ല്‍ വീണ്ടും സുല്‍ത്താന്‍മാര്‍ കളത്തിലിറങ്ങി. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഫൈനലിലെത്തിയ സുല്‍ത്താന്‍സിന് നേരിടാനുണ്ടായിരുന്നത് കഴിഞ്ഞ സീസണില്‍ തങ്ങളെ പരാജയപ്പെടുത്തിയ അതേ ഖലന്ദേഴ്‌സിനെ.

എന്നാല്‍ ഒരിക്കല്‍ക്കൂടി സുല്‍ത്താന്‍സിന് ഫൈനലില്‍ കരയേണ്ടി വന്നു. തൊട്ടുമുമ്പുള്ള സീസണിലെ തോല്‍വിയേക്കാള്‍ ഹൃദയഭേദകമായിരുന്നു 2023ലെ തോല്‍വി. വെറും ഒറ്റ റണ്‍സിനാണ് സുല്‍ത്താന്‍സ് പരാജയപ്പെട്ടത്.

ഖലന്ദേഴ്‌സ് ഉയര്‍ത്തിയ 201 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സുല്‍ത്താന്‍സിന് 199 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുന്നുള്ളൂ.

2024ല്‍ തുടര്‍ച്ചയായ നാലാം ഫൈനലിലും പ്രവേശിച്ചെങ്കിലും തുടര്‍ച്ചയായ മൂന്നാം തവണയും സുല്‍ത്താന്‍മാര്‍ പരാജയപ്പെട്ടു.

ഈ തോല്‍വിക്ക് പിന്നാലെ ടീമിന്റെ നിര്‍ഭാഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയരുന്നത്. വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ട് ഫൈനലില്‍ പരാജയപ്പെട്ട ദല്‍ഹി ക്യാപ്പിറ്റല്‍സിനേക്കാള്‍ നിര്‍ഭാഗ്യവാന്‍മാരെന്നും അവസാന പന്ത് വരെ പൊരുതിയിട്ടും തോറ്റുപോയതിനെ കുറിച്ചെല്ലാമാണ് ആരാധകര്‍ സംസാരിക്കുന്നത്.

അടുത്ത സീസണില്‍ കിരീടം നേടിക്കൊണ്ട് ടീം തങ്ങളുടെ നിര്‍ഭാഗ്യം അവസാനിപ്പിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content highlight: Multan Sultans lost 3 consecutive PSL final