കോഴിക്കോട്: മുന്നണിമാറ്റത്തെ കുറിച്ച് ഒരു ചര്‍ച്ചയും ലീഗില്‍ നടന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. ഒരു വിവാഹവീട്ടില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ കെ.ടി. ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ സംസാരിച്ചിരുന്നു, എന്നാല്‍ ഇതിനെ മുന്നണിമാറ്റത്തിനുള്ള ചര്‍ച്ചയായി കാണാനാവില്ലെന്നും പി.എം.എ. സലാം പറഞ്ഞു.
ഏത് ഭാഗത്ത് നിന്നായാലും അതിന്റെ സത്യസന്ധത പുലര്‍ത്തുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഇപ്പോള്‍ ഞങ്ങള്‍ യു.ഡി.എഫിലാണ്. അതിനപ്പുറം ഒരു ചര്‍ച്ചക്ക് പാര്‍ട്ടി പോയിട്ടില്ല. അതിന്റെ സാഹചര്യമില്ല. ലീഗ് യു.ഡി.എഫ് വിടുന്നു എന്ന രീതിയിലുള്ള പ്രചരണം ചില നേതാക്കളുടെ ഭാഗത്ത് നിന്ന് നടക്കുന്നത് ആശയകുഴപ്പുണ്ടാക്കാന്‍ വേണ്ടി മാത്രമാണെന്നും സലാം ആരോപിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഒരു ചര്‍ച്ചയ്ക്ക് പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല. വിദ്യാഭ്യാസ മേഖലയും കുത്തഴിഞ്ഞ നിലയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൈകൂലി വ്യാപകമാണ്.
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഉക്രൈനില്‍ പോയി പഠിക്കാന്‍ കാരണം ഇവിടെ പഠന സൗകര്യമില്ലാത്തതാണ്.
വഖഫ് പി.എസ്.സി വിഷയത്തില്‍ അടുത്ത ഘട്ടം സമരം ഉടനെ തുടങ്ങും. ഇതിന്റെ ഭാഗമായി ഈ മാസം 17 ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പി.എം.എ സലാം വ്യക്തമാക്കി.
മുസ്‌ലിം ലീഗ് യു.ഡി.എഫിലെ രണ്ടാം കക്ഷിയായണെന്നും ആ മുന്നണി വിടേണ്ട കാര്യം ചിന്തിച്ചിട്ട് പോലുമില്ലെന്നും പി.എം.എ. സലാം നേരത്തെ പറഞ്ഞിരുന്നു. യു.ഡി.എഫില്‍ അതിശക്തമായി തുടരും. മാറിചിന്തിക്കേണ്ട ആവശ്യം ഇപ്പോഴില്ല. ഞങ്ങള്‍ ആരോടും എല്‍.ഡി.എഫില്‍ എടുക്കണമെന്ന് പറഞ്ഞ് സമീപ്പിച്ചിട്ടില്ല, അതിന്റെ ആവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Mulsim League will not ready to leave UDF said by PMA Salam