ഫൈനല്‍ കടുത്തത് ; ആദ്യ അരമണിക്കൂറില്‍ അഞ്ച് ഗോള്‍ അടിക്കാനാവില്ലെന്നും മുള്ളര്‍
Daily News
ഫൈനല്‍ കടുത്തത് ; ആദ്യ അരമണിക്കൂറില്‍ അഞ്ച് ഗോള്‍ അടിക്കാനാവില്ലെന്നും മുള്ളര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2014, 11:06 pm

സാവോപോള: ലോകക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ അര്‍ജന്റീനക്കെതിരായ ഫൈനല്‍ കടുത്തതായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജര്‍മ്മനിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍. സെമി ഫൈനലില്‍ ബ്രസീലിനെതിരെ നേടിയ പോലെ അനായാസവിജയം പ്രതീക്ഷിക്കരുതെന്നും മുള്ളര്‍ ജര്‍മ്മന്‍ ആരാധകരോടായി പറഞ്ഞു. 

“ഞായറാഴ്ചത്തെ അര്‍ജന്റീനക്കെതിരെയുള്ള ഫൈനല്‍ മത്സരം എത്തരത്തിലുള്ളതായിരിക്കുമെന്നതിനെ കുറിച്ച് എനിക്കിപ്പോളറിയില്ല. പക്ഷെ പകുതി സമയത്തന് മുമ്പ് അഞ്ച് ഗോളുകള്‍ അടിച്ച് കയറ്റാനാവുമെന്ന് ഞാനൊരിക്കലും കരുതുന്നില്ല.അങ്ങിനെ ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചാല്‍ നല്ലത്. പക്ഷെ അര്‍ജന്റീനയുമായുള്ള മത്സരം നേരത്തെ അള്‍ജീരിയയും ഫ്രാന്‍സുമായി ഏറ്റ് മുട്ടിയപ്പോള്‍ സംഭവിച്ചത് പോലെ ഒരു കടുത്ത മത്സരമായിരിക്കുമെന്നാണ് കരുതുന്നത്” മുള്ളര്‍ പറഞ്ഞു.

ജര്‍മ്മനിയുടെ ഫൈനലിലേക്കുള്ള മുന്നേറ്റത്തില്‍ നിര്‍ണായക പങ്കാണ് ഇരുപത്തിനാലുകാരനായ ബയേണ്‍ മ്യൂണിക്ക് താരത്തിന്റേത്. സെമിയില്‍ ബ്രസീലിനെ നാണം കെടുത്തുന്നതില്‍ പ്രധാന സംഭാവന മുള്ളറുടെ കാലില്‍ നിന്നായിരുന്നു. പതിനൊന്നാം മിനിറ്റില്‍ മുള്ളര്‍ നേടിയ ഗോളിന്റെ ആഘാതത്തില്‍ നിന്ന് ബ്രസീലിന് കരകയറാനായില്ല. പിന്നാട് 20 മിനിറ്റുനുള്ളില്‍ നാല് ഗോളുകള്‍ കൂടി അടിച്ചു കൂട്ടിയ ജര്‍മ്മനി ആതിഥേയരെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടു.

ടൂര്‍ണമെന്റിലിതുവരെ അഞ്ച് ഗോളുകള്‍ നേടിക്കഴിഞ്ഞ മുള്ളര്‍ ഗോള്‍ഡന്‍ ബൂട്ടിനുള്ള പ്രയാണത്തില്‍ കൊളംബിയയുടെ റോഡിഗ്രസിന്റെ തൊട്ടു പിന്നാലെയുണ്ട്. ആറ് ഗോളാണ് കൊളംബിയന്‍ യുവതാരത്തിന്റെ ബൂട്ടില്‍ നിന്ന് പിറന്നത്. കഴിഞ്ഞ ലോകക്കപ്പില്‍ അഞ്ച് ഗോളുകള്‍ നേടിയ മുള്ളറിനായിരുന്നു മികച്ച യുവതാരത്തിനുള്ള അവാര്‍ഡ്. ഇത്തവണ ഫൈനലില്‍ രണ്ട് ഗോളുകള്‍ കൂടി നേടിയാല്‍ ഗോള്‍ഡന്‍ ബൂട്ടും മുള്ളര്‍ക്ക് സ്വന്തം.