| Tuesday, 30th November 2021, 3:39 pm

മുല്ലപ്പരിയാര്‍ ജലബോംബ്, എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിക്കും: എം.എം. മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: മുല്ലപ്പരിയാര്‍ അപകടാവസ്ഥയിലാണെന്നും പുതിയ ഡാം വേണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും ഉടുമ്പഞ്ചോല എം.എല്‍.എ എം.എം മണി. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കവേയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എം.എം മണി തുറന്നടിച്ചത്.

‘ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണ്,’ അദ്ദേഹം പറഞ്ഞു.

‘വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ അണക്കെട്ട് വേണമെന്നതാണ് സര്‍ക്കാര്‍ നിലപാട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തി. ജലനിരപ്പ് കുറക്കാന്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് വന്‍ തോതില്‍ വെള്ളം തുറന്നുവിട്ടതോടെ പെരിയാര്‍ നദിയില്‍ ജലനിരപ്പ് രണ്ടു മീറ്ററോളം ഉയര്‍ന്നു.

പെരിയാര്‍ തീരത്തെ മഞ്ചുമല ആറ്റോരം ഭാഗത്ത് അഞ്ചു വീടുകളിലാണ് വെള്ളം കയറിയത്. നീരൊഴുക്ക് കുറഞ്ഞതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തി തുടങ്ങി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: mullapperiyar-water-bomb-says-mm-mani-mla

We use cookies to give you the best possible experience. Learn more