മുല്ലപ്പെരിയാര്‍; മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തി
Mullapperiyar
മുല്ലപ്പെരിയാര്‍; മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th October 2021, 9:31 pm

ഇടുക്കി: മുല്ലപ്പരിയാര്‍ അണക്കെട്ടില്‍ ഒരു സ്പില്‍വേ ഷട്ടര്‍ കൂടി ഉയര്‍ത്തി. സെക്കന്റില്‍ 275 ഘനയടി വെള്ളം കൂടുതലായി ഒഴുക്കും. ഇതോടെ സെക്കന്റില്‍ 825 ഘനയടി വെള്ളമാവും മുല്ലപ്പെരിയാറില്‍ നിന്നും ഒഴുക്കുന്നത്.

പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

രണ്ട് ഷട്ടറായിരുന്നു ഇന്ന് രാവിലെ ഉയര്‍ത്തിയത്. അണക്കെട്ടില്‍ ജലനിരപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഒരു സ്പില്‍വേ ഷട്ടര്‍ കൂടി ഉയര്‍ത്തിയത്.

അണക്കട്ടിലെ വെള്ളം 138 അടിയിലേക്ക് നിജപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുന്നത്. രാവിലെ, രണ്ട് ഷട്ടര്‍ തുറന്നിട്ടും അണക്കെട്ടിലെ വെള്ളത്തിന്റെ അളവില്‍ കാര്യമായ മാറ്റം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് മൂന്നാമതൊരു ഷട്ടര്‍ കൂടി ഉയര്‍ത്തുന്നത്. നിലവില്‍ 138.85 അടിയാണ് അണക്കെട്ടിലെ ജലത്തിന്റെ അളവ്.

രാവിലെ മുല്ലപ്പെരിയാറിലെ ഷട്ടര്‍ ഉയര്‍ത്തിയതോടെ ഒരടി വെള്ളമാണ് പെരിയാറില്‍ ഉയര്‍ന്നത്. മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തുന്നതോടെ അരയടി കൂടി വെള്ളം ഉയരുമെന്നാണ് മുന്നറിയിപ്പ്.

ഷട്ടര്‍ തുറക്കുന്ന സാഹചര്യത്തില്‍ രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. രണ്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. റവന്യൂമന്ത്രി കെ. രാജന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്.

2018ലും മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നിരുന്നു.ഏലപ്പാറ പഞ്ചായത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്ന 73കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. ഹെലിബറിയ വള്ളക്കടവിലാണ് കുടുംബങ്ങളെ മാറ്റിയത്. 73ല്‍ അഞ്ചു കുടുംബങ്ങളെ അടിയന്തര സുരക്ഷിത സ്ഥാനത്തേക്കും ബാക്കിയുള്ളവരെ ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്.

പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെമ്പര്‍മാരും പ്രദേശം സന്ദര്‍ശിക്കുകയും തീരദേശവാസികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയുംചെയ്തു.

പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ വ്യാഴാഴ്ച രാവിലെ തുറന്നു. പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലെ ഏഴു വില്ലേജുകളിലായി 20 ക്യാമ്പുകളാണ് തുറന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mullapperiyar, Third spillway shutter opened